balagopalan
ഐ.ബാലഗോപാലൻ മാസ്റ്റർ

മാള: നൂറുകണക്കിന് പുസ്തകങ്ങൾ വില കൊടുത്ത് വാങ്ങി വായിച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും വീട്ടിൽ സൂക്ഷിക്കാറില്ല ഐ. ബാലഗോപാലൻ മാസ്റ്റർ. വായന കഴിഞ്ഞാൽ പുസ്തകങ്ങളെല്ലാം വായനശാലകൾക്ക് നൽകുന്നതാണ് മാസ്റ്ററുടെ രീതി. പുസ്തകങ്ങളേയും വായനയേയും ജീവിതത്തിനൊപ്പം ചേർത്തുവച്ച വ്യത്യസ്തനായ ബാലഗോപാലൻ മാസ്റ്റർ വായനശാലകളുടെ ഇഷ്ട തോഴനാണ്. പി.എൻ. പണിക്കർ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന കാലത്ത് ഗ്രന്ഥശാല സംഘം കൊടുങ്ങല്ലൂർ താലൂക്ക് പ്രസിഡന്റായിരുന്ന കുഴൂർ സ്വദേശിയായ ഐ. ബാലഗോപാലൻ. 33 വർഷം ഐരാണിക്കുളം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു.

1960 കാലഘട്ടത്തിൽ ഗ്രന്ഥശാല സംഘത്തിലൂടെയാണ് പുസ്തകങ്ങളുടെയും വായനയുടെയും വിശാലമായ ലോകത്തേക്ക് മാസ്റ്റർ കടന്നുവന്നത്. 1963 ഘട്ടത്തിൽ തന്നെ താലൂക്ക് യൂണിയൻ പ്രസിഡന്റായി. പിന്നീട് നിബന്ധനകൾ വന്നതോടെ ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. പിന്നീട് അദ്ധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ച 2005ൽ ലൈബ്രററി കൗൺസിൽ സംസ്ഥാന സമിതി അംഗമായി. 2010ൽ മുകുന്ദപുരം താലൂക്ക് പ്രസിഡന്റായി. 2015ൽ ചാലക്കുടി യൂണിയൻ കമ്മിറ്റി അംഗമായിരുന്നു. 1966ൽ ഐരാണിക്കുളം ഹൈസ്‌കൂളിൽ താത്കാലിക അദ്ധ്യാപകനായിരുന്ന ഐ.ബാലഗോപാലൻ 1972 മുതൽ സ്ഥിരം നിയമനമായി. 75 കാരനായ ബാലഗോപാലൻ കുഴൂർ ഗ്രാമീണ വായനശാല പ്രസിഡന്റ് കൂടിയാണ്.

കുഴൂർ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ എല്ലാ ക്ലാസ് മുറികളിലും വായനശാല ഒരുക്കുന്നതിനും വാർഡുകളിലെ തിരഞ്ഞെടുത്ത വീടുകളിൽ വായനശാല പ്രവർത്തിപ്പിക്കുന്നതിനും നേതൃത്വം നൽകിയത് ബാലഗോപാലൻ മാസ്റ്ററായിരുന്നു. വായനശാലയിൽ വനിതകൾക്കായി ആറിനം തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി നടപ്പാക്കി. വായനശാലകൾക്ക് വേറിട്ട ആശയങ്ങൾ പകർന്നുനൽകി നിരന്തരം യാത്രകൾ നടത്തുന്ന മാസ്റ്റർ കുഴൂരിന്റെ നിറസാന്നിദ്ധ്യമാണ്.

വാങ്ങുന്ന ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായന കഴിഞ്ഞാൽ മറ്റുള്ളവർക്ക് നൽകുന്നത് ആ സംസ്‌കാരം പ്രചരിപ്പിക്കാൻ കൂടിയാണ്. തന്റെ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിന് തുല്യമാണിത്. വായനയിലൂടെ കിട്ടിയ അറിവും ആനന്ദവും ആ പുസ്തകങ്ങൾ ആവശ്യക്കാർക്ക് നൽകുമ്പോൾ പകർന്നു നൽകലാണ്. അതാണ് ഒരു പുസ്തകം പോലും സൂക്ഷിക്കാത്തത്.

- ഐ. ബാലഗോപാലൻ മാസ്റ്റർ

ഐ. ബാലഗോപാലൻ മാസ്റ്റർ