വടക്കാഞ്ചേരി: ക്ഷേത്രങ്ങളുടേയും ആനകളുടെയും സംരക്ഷണത്തിനായി കൊച്ചിൻ ദേവസ്വം ബോർഡ് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 406 ക്ഷേത്രങ്ങൾ, ആനകൾ, സ്വർണ്ണം, വെള്ളി, എന്നിവയ്ക്കാണ് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയതായി കൊച്ചിൻ ദേവസ്വം ബോർഡ് സ്‌പെഷൽ കമ്മീഷണർ ഉത്തരവിറക്കിയിട്ടുള്ളത്.

സ്വകാര്യ ഇൻഷ്വറൻസ് കമ്പനിക്കാണ് ചുമതല നൽകിയിട്ടുള്ളത്. പ്രളയം മൂലമോ മറ്റേതെങ്കിലും തരത്തിലുണ്ടാകുന്ന നാശനഷ്ടങ്ങൾക്കോ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. നാശനഷ്ടങ്ങൾ സംഭവിച്ചാൽ ഒരു മണികൂറിനുള്ളിൽ ഇൻഷ്വറൻസ് കമ്പനിയെ വിവരം അറിയിക്കണം. നാശനഷ്ടങ്ങളുടെ വീഡിയോ എടുത്ത് ഹാജരാക്കണം. ദേവസ്വം ഓഫീസർമാർ, മാനേജർമാർ എന്നിവർക്കാണ് വിവരം കൈമാറാനുള്ള ചുമതല. നിശ്ചിത സമയത്ത് ഇൻഷ്വറൻസ്‌ കമ്പനിയെ വിവരമറിയിച്ചില്ലെങ്കിൽ ഉത്തവാദികൾ ഉദ്യോഗസ്ഥരായിരിക്കും. ഒരു വർഷ കാലത്തേക്കാണ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളതു്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചെറുതും വലുതുമായ 406 ക്ഷേത്രങ്ങളിൽ വിലപ്പിടിപ്പുള്ള സ്വർണ്ണവും ആഭരണങ്ങളും സൂക്ഷിക്കുന്ന ക്ഷേത്രങ്ങളുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ പ്രളയത്തിൽ ഒട്ടേറെ ക്ഷേത്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്.