ചെറുതുരുത്തി: ചെറുതുരുത്തിയിലും സമീപ പ്രദേശങ്ങളിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി വിതരണം തടസപ്പെടുന്നതായി പരാതി. മാസങ്ങളായി ഇത്തരത്തിൽ വൈദ്യുതി തടസപ്പെടുന്നതായാണ് നാട്ടുകാർ ആക്ഷേപമുന്നയിക്കുന്നത്. വിദ്യാർത്ഥികളും വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവരുമാണ് വൈദ്യുതി തടസപ്പെടുന്നതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. ഓൺലൈൻ വഴിയുള്ള കുട്ടികളുടെ പഠനത്തെയും ഇത് കാര്യമായി ബാധിക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെടുന്നു. വൈദ്യുതി മുടങ്ങിയ വിവരം ഇലക്ട്രിസിറ്റി ഓഫീസിലേക്ക് വിളിച്ചു പറഞ്ഞാലും നടപടിയുണ്ടാകുന്നില്ലെന്ന് പറയുന്നു. ഇത് സംബന്ധിച്ച് വൈദ്യുതി മന്ത്രിക്ക് പരാതി നൽകുമെന്ന് നാട്ടുകാർ അറിയിച്ചു.