പെരിഞ്ഞനത്ത് പുത്തേഴത്ത് റോഡിൽ വീട്ടുമതിലിന് മുകളിൽ മരങ്ങൾ കടപുഴകി വീണ നിലയിൽ.
കയ്പമംഗലം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിൽ തീരദേശത്ത് വ്യാപക നാശനഷ്ടം. ഇലക്ട്രിക് ലൈനുകൾ തകരാറിലായി. പെരിഞ്ഞനം പതിനൊന്നാം വാർഡിൽ കൊറ്റംകുളം പുത്തേഴത്ത് റോഡിൽ മരങ്ങൾ കടപുഴകി വീണ് കാരയിൽ ഉണ്ണിക്കൃഷ്ണന്റെ വീട്ടുമതിലിന് നാശനഷ്ടമുണ്ടായി. തൊട്ടടുത്ത പറമ്പിലെ മരങ്ങളാണ് കടപുഴകി വീണത്. പറമ്പിലെ വാഴ, കവുങ്ങ്, ജാതിമരം എന്നിവയും ഒടിഞ്ഞു വീണിട്ടുണ്ട്.
പെരിഞ്ഞനം അച്ചംകണ്ടത്ത് വൈദ്യുതി ലൈനിൽ മരം വീണ് നാശനഷ്ടമുണ്ടായി. കയ്പമംഗലത്തും ചെന്ത്രാപ്പിന്നിയിലും ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണ് വൈദ്യുതി ബന്ധം നിലച്ചു. പിന്നീട് ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയും ലൈനുകൾ ശരിയാക്കിയും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.