accident-death

പുതുക്കാട്: അത്യാസന്ന നിലയിലായിരുന്ന കാൻസർ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ആമ്പല്ലൂർ യൂണിയൻ സ്റ്റോപിനടുത്ത് മരോട്ടിക്കൽ വിൻസെന്റിന്റെ് ഭാര്യ റോസി എന്ന ഏല്യയാണ് (67) മരിച്ചത്. ഭർത്താവ് വിൻസെന്റ് (67), മകൾ ജിഷ (40), മകൻ ജോബി (39), ആംബുലൻസ് ഡ്രൈവർ മേജോ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്.

വിയ്യൂർ പവർഹൗസിന് സമീപം നിയന്ത്രണം വിട്ട ആംബുലൻസ് പുലർച്ചെ ഒന്നരയോടെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാൻസർ രോഗിയായ റോസിക്ക് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. ഫയർഫോഴ്സെത്തിയാണ് പരിക്കേറ്റവരെ ഉൾപ്പെടെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. റോസി ആശുപത്രിയിലെത്തിയ ഉടൻ മരിച്ചു. മരിച്ച റോസി പുതുക്കാട് പഞ്ചായത്ത് റിട്ട. ജീവനക്കാരിയായിരുന്നു. സംസ്‌കാരം നടത്തി. മറ്റുമക്കൾ: ബൈജു, ഷൈജു.