തൃശൂർ: ഒരു പേപ്പർ ബാഗ് ദിനം കൂടി കടന്നുപോകുമ്പോൾ കൊവിഡ് പ്രതിസന്ധി മറികടക്കാനാവാതെ പേപ്പർ ബാഗ് നിർമ്മാതാക്കൾ വട്ടം കറങ്ങുന്നു. പ്‌ളാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് എല്ലാ വർഷവും ജൂലായ് 12 പേപ്പർബാഗ് ദിനമായി ആചരിക്കുന്നത്. പ്‌ളാസ്റ്റിക്കിൽ നിന്ന് മണ്ണിനെയും മനുഷ്യരെയും രക്ഷിക്കുന്നതിൽ പേപ്പർ ബാഗുകൾ വലിയ പങ്കു വഹിക്കുന്നു. കൊവിഡ് തുടങ്ങിയതോടെ സ്ഥാപനങ്ങൾ അടയ്ക്കുകയും ആവശ്യം കുത്തനെ കുറയുകയും ചെയ്തു. പരിശോധനകൾ അയഞ്ഞതോടെ കൊവിഡിന്റെ മറവിൽ ഒളിഞ്ഞും തെളിഞ്ഞും പ്‌ളാസ്റ്റിക് കവറുകളും ബാഗുകളും തിരിച്ചു വരികയും ചെയ്തു. പ്രിന്റിംഗ് പ്രസുകളുമായി ബന്ധപ്പെട്ടാണ് പല യൂണിറ്റുകളും പ്രവർത്തിക്കുന്നത്. മറ്റ് പ്രിന്റിംഗ് ജോലികളുള്ളവർ പിടിച്ചുനിൽക്കുന്നുണ്ട്. ഈ ജോലി മാത്രം ചെയ്തിരുന്ന വനിതാ സംഘങ്ങൾ പലതും നാമമാത്രമായി. ഗുണനിലവാരം കുറഞ്ഞ പേപ്പർ ബാഗുകൾ വിപണിയിലെത്തിയതും വെല്ലുവിളിയായി. ബാഗ് നിർമ്മാണ യന്ത്രത്തിന്റെയും പേപ്പറിന്റെയും വില വർദ്ധനവും ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. വലിപ്പത്തിനും ഗുണത്തിനും അനുസരിച്ച് ഒരു ബാഗ് ആറു മുതൽ 60 രൂപയ്ക്ക് വരെ വിറ്റിരുന്നു. പേപ്പർ നിർമ്മാണത്തിലേർപ്പെട്ടിരുന്ന സ്ത്രീകൾക്കും വരുമാനം നിലച്ചു. പ്രതിദിനം 350 രൂപ വരെ ലഭിച്ചിരുന്ന പലർക്കും ഇപ്പോൾ ജോലിയില്ല.
പേപ്പർ ബാഗുകൾക്ക് ഓർഡർ ലഭിച്ചാൽ മാത്രമാണ് ഇപ്പോൾ വനിതാ ജീവനക്കാരെ വിളിക്കുന്നത്. അജ്മാനിൽ നിന്നും വന്ന് നാട്ടിൽ തുടങ്ങിയ പ്രസാണ്. ഇപ്പോൾ മാസം നൂറോ ഇരുന്നൂറോ ബാഗുകൾക്ക് ഓർഡർ കിട്ടിയാലായി
ബാബു കെ. ജെ
ബിസ് ഗ്രാഫിക്‌സ്
അരണാട്ടുകര, തൃശൂർ
കൊവിഡിന് മുമ്പ് പ്രതിമാസം 10,000 ബാഗുകൾക്ക് വരെ ഓർഡറുണ്ടായിരുന്നു. കിലോയ്ക്ക് 37 രൂപ വിലയുണ്ടായിരുന്ന പേപ്പറിന് ഇപ്പോൾ 57 ആയി. 30 രൂപയുണ്ടായിരുന്ന ഗുണം കുറഞ്ഞ പേപ്പറിന് 45 രൂപയും
ലിജോ
ഫിസ് ഗ്രാഫിക്‌സ്
ചാലക്കുടി
പേപ്പർ ബാഗിന്റെ ഗുണങ്ങൾ
പരിസ്ഥിതി സൗഹൃദം ഉറപ്പാക്കുന്നു
പുന:ചംക്രമണം സാദ്ധ്യമാക്കുന്നു
മണ്ണിൽ എളുപ്പം ലയിക്കുന്നു
വിവിധ നിറങ്ങളിൽ അച്ചടിക്കാം
കമ്പോസ്റ്റിനും ഉപയോഗിക്കാം
ചരിത്രത്തിലൂടെ പേപ്പർ ബാഗുകൾ
1852 ൽ
അമേരിക്കക്കാരനായ ഫ്രാൻസിസ് വോളാണ് ആദ്യമായി പേപ്പർ ബാഗ് നിർമ്മിക്കുന്ന യന്ത്രം കണ്ടുപിടിച്ചത്.
1871ൽ
മാർഗരറ്റ് ഇ നൈറ്റ് അടിവശം പരന്ന പേപ്പർ ബാഗുണ്ടാക്കാനുള്ള യന്ത്രം കണ്ടുപിടിച്ചു.
1883 ൽ
ചാൾസ് സ്റ്റിൽവെൽ, മടക്കാവുന്നതും അടിവശം ചതുരാകൃതിയിലുള്ളതുമായ പേപ്പർബാഗ് നിർമ്മിക്കാനുള്ള യന്ത്രം കണ്ടുപിടിച്ചു.
1912 ൽ
വാൾട്ടർ ഡ്യൂബ്‌നർ ചരടും പിടിയുമുള്ള പേപ്പർ ബാഗുകൾ നിർമ്മിച്ചു.