കുന്നംകുളം: ആത്മീയതയിൽ ഉറച്ച ബോദ്ധ്യങ്ങളും വിശ്വാസവുമായി മലങ്കര ഓർത്തഡോക്‌സ് സഭയെ നയിച്ച ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ വിയോഗം വിശ്വാസികളെ കണ്ണീരിലാഴ്ത്തി. മേൽപട്ട സ്ഥാനത്ത് മൂന്നര പതിറ്റാണ്ടിലേറെ അർപ്പിച്ച ശുശ്രൂഷയിലുടനീളം ദൈവം വഴിനടത്തിയതായി തിരുമേനി ആവർത്തിച്ചിരുന്നു. മലങ്കര സഭയുടെ വളർച്ചയ്ക്കും അതിലൂടെ വിശ്വാസികളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനും കർമ മണ്ഡലങ്ങളിലുടനീളം പ്രാധാന്യം കൊടുത്തു. സഭയുടെ മുൻ പിതാക്കന്മാരിലൂടെ പകർന്നു കിട്ടിയ സുവിശേഷാത്മക ജീവിതവും ആത്മീയപ്രകാശവും ചുറ്റുമുള്ള സമൂഹത്തിനും നന്മയ്ക്കായി ചൊരിയാൻ എപ്പോഴും ബാവ ശ്രമിച്ചിരുന്നു. അതുതന്നെയാണു മലങ്കര ഓർത്തഡോക്‌സ് സഭയുടെ വളർച്ചയുടെ അടിത്തറയും ബലവുമായി മാറിയതും. 30 ഭദ്രാസനങ്ങളും 33 മേൽപ്പട്ടക്കാരും 25 ലക്ഷം വിശ്വാസികളുമുള്ള ഐക്യകൂട്ടായ്മയായി മലങ്കര ഓർത്തഡോക്‌സ് സഭയെ വിശ്വാസബോധ്യങ്ങളിൽ ഉറപ്പിക്കുന്നതിൽ കാതോലിക്കാബാവ നിർണായക പങ്ക് വഹിച്ചു.
ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു ഭദ്രാസനങ്ങളും സഭയ്ക്കുണ്ട്. വിദേശത്ത് അമേരിക്കയിൽ രണ്ടും യുകെ, യൂറോപ്പ് ഭദ്രാസനങ്ങളുമുണ്ട്. 2014ൽ എഴുപതാം പിറന്നാൾ അമേരിക്കയിലെ സഭ വിശ്വാസികൾക്കൊപ്പമായിരുന്നു ബാവ ചെലവഴിച്ചത്. ആഘോഷങ്ങളും ആർഭാടങ്ങളുമില്ലാതെ ലാളിത്യമാർന്ന ജീവിതമായിരുന്നു മുഖമുദ്ര. സഹജീവികളുടെ നോവും നൊമ്പരവും തന്റേതാക്കി മാറ്റി പ്രാർത്ഥനയും ശുശ്രൂഷയും സ്‌നേഹ സഹായ ഹസ്തവും ലോകത്തിനു പകർന്നു.
സഭയുടെ പ്രധാന സാമൂഹ്യ സേവന പദ്ധതികളിൽ ഒന്നായി പരുമല കാൻസർ കെയർ സെന്ററും നിർദ്ധനരായ കാൻസർ രോഗികളുടെ സൗജന്യ ചികിത്സാ സഹായ പദ്ധതിയായ സ്‌നേഹ സ്പർശവും ബാവയുടെ ദീർഷ വീക്ഷണത്തിന്റെ പ്രകടമായ സാക്ഷ്യമാണ്. നൂറുകോടിയോളം രൂപ മുടക്കിയാണ് കാൻസർ സെന്റർ പൂർത്തിയാക്കിയത്. ഗുരുകാരണവന്മാരെയും മാതാപിതാക്കളെയും സഭയുടെ പിതാക്കൻമാരെയും സഭാംഗങ്ങളെയും ദൈവകൃപയുടെ നിമിഷത്തിൽ നന്ദിയോടെ സ്മരിക്കുന്നതായി അദ്ദേഹം അനുസ്മരിച്ചിരുന്നു. പ്രതിസന്ധികൾ ചെറുതും വലുതുമായി ഉണ്ടാകുക സ്വഭാവികം, ദൈവാശ്രയത്തിൽ ഊന്നി മുന്നോട്ടുപോകാൻ ശ്രമിക്കണം, സംതൃപ്തിയുടെ വലിയ ഭാവത്തിൽ ആ നല്ല ഇടയന്റെ ഉപദേശം ഇങ്ങനെയായിരുന്നു.