തൃശൂർ : സ്ഥാനമൊഴിഞ്ഞ മുൻ ജില്ലാ കളക്ടർ എസ്. ഷാനവാസിന് ജില്ലാ ആസൂത്രണ സമിതി, ജില്ലാ വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ആസൂത്രണ ഭവൻ ഹാളിൽ യാത്രയയപ്പ് നൽകി. എം.എൽ.എമാരുടെയും ജില്ലാ പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെ ഉപഹാര സമർപ്പണവും ചടങ്ങിൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവീസ് അധ്യക്ഷത വഹിച്ചു. രണ്ടുവർഷത്തോളം തൃശൂരിലെ കളക്ടറായി മികച്ച രീതിയിൽ പ്രവർത്തിക്കാനായത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയായിരുന്നുവെന്നും പ്രളയം, കൊവിഡ് കാലഘട്ടമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഏവരെയും ഏകോപിപ്പിച്ച് പ്രവർത്തിക്കാനായെന്നും ഏറെ വികസന പ്രവർത്തനങ്ങളിൽ പങ്കുചേരാനായതായും എസ്. ഷാനവാസ് മറുപടിപ്രസംഗത്തിൽ പറഞ്ഞു. എം.എൽ.എമാരായ ഇ.ടി ടൈസൺ, പി. ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, കെ. കെ രാമചന്ദ്രൻ, എൻ. കെ അക്ബർ, വി.ആർ സുനിൽകുമാർ, ജില്ലാ കളക്ടർ ഹരിത.വി.കുമാർ, അസിസ്റ്റന്റ് കളക്ടർ സൂഫിയാൻ മുഹമ്മദ്, ജില്ലാ വികസന കമ്മീഷണർ അരുൺ വിജയൻ, ജില്ലാ പ്ലാനിംഗ് ഓഫിസർ എൻ. കെ ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.