boat

കൊടുങ്ങല്ലൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ മുസ്‌രിസ് ജലപാതകളുടെ വികസനത്തിന് വീണ്ടും ജീവൻ. ബോട്ട് ജെട്ടി ശൃംഖലയിലെ അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ച് , മതിലകം ബംഗ്ലാവ് കടവ് എന്നിവിടങ്ങളിലെ ജെട്ടികളുടെ നിർമ്മാണം ആരംഭിച്ചു.

മുനയ്ക്കൽ ബീച്ചിലേത് അവസാന ഘട്ടത്തിലാണ്. മതിലകം ബംഗ്ലാവ് കടവിലെ ബോട്ട് ജെട്ടിയിൽ പൈലിംഗ് ജോലികൾക്കും തുടക്കമിട്ടു. ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണച്ചുമതല. മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തേക്ക് ജലാശയം വഴി സഞ്ചാരികളെ ആകർഷിക്കാനായി ആരംഭിച്ച ഹോപ് ഓൺ ഹോപ് ഒഫ് ബോട്ട് സർവീസുകളുടെ ഭാഗമായാണ് ഇവ നിർമ്മിക്കുന്നത്.

മുസിരിസ് ഹെറിറ്റേജ് ആൻഡ് സ്‌പൈസസ് റൂട്ട് പദ്ധതിയുടെ രണ്ടാം ഘട്ട നവീകരണത്തിനായി സർക്കാർ കൊടുങ്ങല്ലൂർ പ്രദേശത്ത് അഞ്ച് ബോട്ട് ജെട്ടികൾക്കും കെട്ടിട നിർമ്മാണത്തിനും ചരിത്രാതീതമായ ഇടങ്ങൾക്കുമായി 2.25 കോടി രൂപയും ധനസഹായം നൽകിയിരുന്നു. അഴീക്കോട്, മാർത്തോമ പള്ളി, തിരുവഞ്ചിക്കുളം, പള്ളിപ്പുറം കോട്ട, ഗോതുരുത്ത് വലിയ പള്ളി, വടക്കൻ പറവൂരിന് സമീപം കുറ്റിച്ചിറ എന്നീ ബോട്ട് ജെട്ടികൾക്കാണ് തുക അനുവദിച്ചത്. ഇതിൽ കുറ്റിച്ചിറ ബോട്ട് ജെട്ടിക്ക് പകരമാണ് അഴീക്കോട് മുനയ്ക്കൽ, മതിലകം ബംഗ്ലാവ് എന്നിവിടങ്ങളിലായി രണ്ട് ബോട്ട് ജെട്ടികൾ ഉയരുന്നത്. കൊടുങ്ങല്ലൂരിലെ എല്ലാ ചരിത്രസ്മാരകങ്ങളും ജലമാർഗം വഴി ബന്ധിപ്പിക്കാൻ ഇതിലൂടെയാകും. ചെറിയ തുരുത്തുകൾ കൊണ്ട് സമ്പന്നമായ ഈ പ്രദേശത്ത്, വിനോദസഞ്ചാരികളെയും ചരിത്രകുതുകികളെയും ആകർഷിക്കുന്ന സ്ഥലങ്ങൾ മിക്കവാറും കായൽത്തീരങ്ങളിലാണുള്ളത്.


ചുരുക്കം ചില ഇടങ്ങളിലേക്കേ ബോട്ടിൽ നിന്നിറങ്ങി റോഡ് മാർഗ്ഗം പോകേണ്ടതുള്ളൂ. ഇത് ബോട്ട് ടൂറിസത്തിന് ഏറെ ഗുണകരമാണ്

പി.എം നൗഷാദ്

മാനേജിംഗ് ഡയറക്ടർ

മുസിരിസ് പൈതൃക പദ്ധതി

ആകെ നിർമ്മാണ ചെലവ് 1.30 കോടി

മുനയ്ക്കൽ ബോട്ട് ജെട്ടി 73 ലക്ഷം

ബംഗ്ലാവ് കടവ് ജെട്ടിക്ക് 57 ലക്ഷം