തൃശുർ: കാലവർഷം ശക്തമാകും മുമ്പേ ഡെങ്കിയും എലിപ്പനിയും കൂടിയത് ആശങ്ക ഉണർത്തുന്നു. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മാത്രമാണ് കാലവർഷം ശക്തമായത്. ഇതിനുപുറമേ ചിക്കൻപോക്‌സും സജീവമായി ഉണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ മൂന്നിട്ടി പേർക്കാണ് എലിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജില്ലയുടെ വിവിധ മേഖലകളിൽ കൊതുക് വല്ലാതെ കൂടുകയാണെന്ന ആശങ്കയാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. കൊവിഡ് ശമനമാകാതെ തുടരുന്നതിനിടെ മഴക്കാല രോഗങ്ങൾ പടർന്ന് പിടിക്കാതിരിക്കാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
17 പേർക്ക് എലിപ്പനി
17 പേർക്ക് ഇതുവരെ എലിപ്പനി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം അഞ്ചുപേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. മരിച്ചത് രണ്ടുപേരും. ഈ വർഷം ഇതിനകം രണ്ടുപേർ മരിച്ചു. ജൂലൈ പകുതിക്ക് ശേഷവും ആഗസ്റ്റിലും എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുകയായിരുന്നു പതിവ്. ഈ പതിവ് തെറ്റിച്ചാണ് നേരത്തെതന്നെ രോഗം റിപ്പോർട്ട് ചെയ്തത്.
82 പേർക്ക് ഡെങ്കി
ഇതുവരെ 82 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 108 പേർക്കാണ് ഡെങ്കി ബാധിച്ചത്. ശക്തമായ പനിയും പനിയോടൊപ്പം വിറയലും അടക്കമുണ്ടാവും. കൂടാതെ ശക്തമായ തലവേദനയും പേശി വേദനയും ലക്ഷണമാണ്.
ഡെങ്കിപ്പനി കൂടുതൽ ഉള്ള പ്രദേശങ്ങൾ
കോർപ്പറേഷൻ മേഖല
മറ്റത്തൂർ
വെള്ളാനിക്കര
പുത്തുർ
കൊണ്ടാഴി
ചിക്കൻ പോക്‌സ് 61 പേർക്ക്
ഇതുവരെ 61 പേർക്കാണ് ചിക്കൻ പോക്‌സ് റിപ്പോർട്ട് ചെയ്തത്. മൂന്നുപേർക്ക് ചിക്കൻ ഗുനിയയും നാലുപേർക്ക് മലേറിയയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 36832 പേർക്കാണ് ഇതുവരെ പനി ബാധിച്ചത്. 7997 പേർക്ക് വയറിളക്കവുമുണ്ടായി.
ജാഗ്രത വേണം
കൊവിഡ് മഹാമാരിക്കിടെ ജാഗ്രത പാലിച്ചില്ലെങ്കിൽ പകർച്ചവ്യാധി ആക്രമണത്തിന് കൂടി ഇരയായേക്കും. ഞായറാഴ്ച പരിസര ശുചീകരണം അടക്കം പ്രവർത്തനങ്ങൾ നടത്തി കൊതുകിനെ തുരത്താനാവണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.