വടക്കഞ്ചേരി: കൊവിഡ് കാലത്തും ചമതക്കോൽ ഉപജീവനമാക്കി മാറ്റുകയാണ് പഴയന്നൂർ മാട്ടിൻ മുഗൾ കോളനിയിലെ വനവാസികൾ. കർക്കിടകം പിറക്കാറായതോടെ പൂജകൾക്കായുള്ള ചമതക്ക് ആവശ്യക്കാരേറിയത് ഇവർക്ക് തുണയായി മാറുകയാണ്. കൊവിഡ് ഇളവുകൾ ലഭിച്ച് ആരാധനാലയങ്ങൾ തുറന്നതോടെ പൂജകൾക്കും ചമതയ്ക്ക് ആവശ്യമേറി. മൃത്യുജ്ജയഹോമം, സുഹൃദ് ഹോമം തുടങ്ങിയ ഹോമങ്ങൾക്ക് ഒഴിച്ചുകൂട്ടാൻ കഴിയാത്ത വസ്തുവാണ് പ്ലാശിൽ ചമത. യാഗങ്ങൾക്കടക്കം പ്ലാശിൽ ചമത അനിവാര്യവുമാണ്. കാടുകളിൽ നിന്നും സ്ത്രീകളടക്കമുള്ള വനവാസികളാണ് ചമതകമ്പുകൾ ശേഖരിക്കുന്നത്. ഇവ 108 എണ്ണമായി കെട്ടിയുണ്ടാക്കും. ഒരു കെട്ടിന് അങ്ങാടിയിൽ 20 രൂപ വില കിട്ടും. അങ്ങാടിയിൽ കൊണ്ടുപോയി അവ വിറ്റാണ് കൊവിഡ് കാലത്തും അവർ വരുമാനമുണ്ടാക്കുന്നത്. കൊവിഡ് കാലത്ത് പ്രധാനമായും ഇത്തരത്തിൽ ചമത ക്കോലുകൾ വിറ്റാണ് ഇപ്പോൾ ഇവർ ജീവിതമാർഗം കണ്ടെത്തുന്നത്.