കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പൂർണ്ണ സമയ സൂപ്രണ്ടിനെ നിയമിക്കണമെന്നാവശ്യം ഉയരുന്നു. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ രോഗികൾ എത്തിച്ചേരുന്ന ആശുപത്രിയാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി. തീരദേശത്തെ ഒരു പാട് പാവപ്പെട്ട ജനങ്ങളാണ് താലൂക്ക് ആശുപത്രിയെ ആശ്രയിച്ചു വരുന്നത്. നിത്യവും നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. താലൂക്ക് ആശുപത്രിയിൽ മാത്രം കൊവിഡ് ടി.പി.ആർ നിരക്ക് 30 ശതമാനത്തിന് മുകളിലാണ്. ഇവിടെ നിയമിതനായിട്ടുള്ള സൂപ്രണ്ടിന് ആ ചുമതലയ്ക്ക് പുറമെ മുൻപ് നിർവഹിച്ചിട്ടുള്ള ആർ.സി.എച്ച് തൃശൂർ ജില്ലാ ഹെഡ് ചുമതല കൂടി വഹിക്കാനുണ്ട്. അതിനാൽ താലൂക്ക് ആശുപതിയിൽ ചിട്ടയോടു കൂടിയ പ്രവർത്തനങ്ങളല്ല മുന്നോട്ട് പോകുന്നതെന്നാണ് ആക്ഷേപമുള്ളത്. അതിനാൽ ആശുപതിക്ക് മുഴുവൻ സമയ സൂപ്രണ്ടിനെ നിയമിക്കണമെന്നാണ് ആവശ്യമുയരുന്നത്.