ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ ഇന്നുമുതൽ ആർ.ടി.പി.സി.ആർ പരിശോധന ആരംഭിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് നേരിട്ട് ഇവിടെ സ്വാബ് പരിശോധിക്കുക. ഇതുവരെ സ്വാബ് ശേഖരിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ജില്ലയിലെ മൊത്തം പരിശോധന മെഡിക്കൽ കോളേജിൽ നടക്കുന്നതിനാൽ ഫലം വരുന്നതിന് താമസം നേരിടുന്നുണ്ട്. മെഷിൻ സ്ഥാപിച്ച് നേരിട്ട് പരിശോധന നടക്കുമ്പോൾ ഒരു ദിവസത്തിനകം ഫലവും ലഭ്യമാകും. ജ്യോതി ലാബോറട്ടറീസാണ് 30 ലക്ഷം രൂപ ചെലവ് വരുന്ന മെഷീൻ താലൂക്ക് ആശുപത്രിക്ക് സൗജന്യമായി നൽകിയത്.