ഗുരുവായൂർ : പുതിയ മാറ്റങ്ങളുമായി അരനൂറ്റാണ്ടോളം പഴക്കമുള്ള ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ. ഗുരുവായൂരിലെ തീർഥാടകർക്ക് സൗകര്യപ്രദമാകും വിധം നവീകരിക്കാനുള്ള മാസ്റ്റർ പ്ലാനിലാണ് അധികൃതർ നൂറുകണക്കിന് യാത്രകാരാനാണ് ഇവിടെ എത്തുന്നത്.
പ്രവർത്തനങ്ങൾ
പഴയ കെട്ടിടങ്ങളും ഗ്യാരേജും മാറ്റി പണിയുക, ഡിപ്പോയിൽ നിന്ന് ക്ഷേത്ര ഭാഗത്തേക്ക് റോഡ് വീതി കൂട്ടുക, തീർഥാടകർക്ക് കാൻറീൻ, ആധുനിക ശൗചാലയം, താമസസൗകര്യം, വിശ്രമസ്ഥലങ്ങൾ ഒരുക്കുക എന്നിവയാണ് മാസ്റ്റർ പ്ലാനിൽ ലക്ഷ്യമിടുന്നത്. കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഗുരുവായൂർ ഡിപ്പോയുടെ മുഖഛായ മാറ്റുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.2021 ജൂൺ 17ന് ഗതാഗത മന്ത്രി ആൻറണി രാജുവിന് ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എംഎൽഎ നിവേദനം നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ടെക്‌നിക്കൽ ജനറൽ മാനേജർ കെ എ സന്തോഷിൻറെ നേതൃത്വത്തിലുള്ള സംഘം ഗുരുവായൂർ ഡിപ്പോ സന്ദർശിക്കുകയും മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ അത്താണിയിലുള്ള സിൽക്കിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ചരിത്രം
1968ൽ പ്രവർത്തനമാരംഭിച്ച ഗുരുവായൂർ കെ.എസ്ആർ.ടി.സി ഓപ്പറേറ്റിംഗ് സെൻറർ അസി. ട്രാൻസ്‌പോർട്ട് ഓഫീസായി മാറുകയും പിന്നീട് 1986ൽ ട്രാൻസ്‌പോർട്ട് ഓഫീസ് ആയി മാറുകയും ചെയ്തു. 2.5 ഏക്കർ സ്ഥലം ഗുരുവായൂർ ഡിപ്പോക്ക് സ്വന്തമായിട്ടുണ്ട്. എന്നാൽ 1986ൽ പണിത കെട്ടിടങ്ങളും അനുബന്ധ ഗാരേജ് സംവിധാനങ്ങളും മാത്രമാണ് ഇപ്പോഴും നിലവിലുള്ളത്. വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാതെ കാടുപിടിച്ചു കിടന്നിരുന്ന കെഎസ്ആർടിസിയുടെ രണ്ടര ഏക്കർ സ്ഥലത്താണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.