ഇരിങ്ങാലക്കുട: സർവകലകളുടെ സംഗമ ഭൂമിയായ ഇരിങ്ങാലക്കുടയിൽ എല്ലാ കലാ കൂട്ടായ്മകളുടെയും ആസ്ഥാനമാകത്തക്കവിധം കൾച്ചറൽ കോംപ്ലക്‌സ് സ്ഥാപിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കഥകളി, കൂത്ത്, കൂടിയാട്ടം തുടങ്ങിയുള്ള ക്ലാസിക് കലകൾ മുതൽ നാടക നടന സംഗീത സംരംഭങ്ങൾ ഉൾപ്പെടെ ഗ്രാമീണ കലാ കൂട്ടായ്മകൾ വരെയും, താലൂക്ക് ലൈബ്രറി കൗൺസിൽ ഉൾപ്പെടെയുള്ള സാഹിത്യ സാംസ്‌കാരിക സംഘടനകളും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്നതിനും, അവയ്ക്കാവശ്യമായ പരിശീലന - അവതരണ സാദ്ധ്യതകൾ ഒരുക്കുന്നതിനും കൾച്ചറൽ കോംപ്ലക്‌സ് സ്ഥാപിതമാകുന്നതോടെ സാദ്ധ്യമാകുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷനായി. ഡോ. എം.എൻ വിനയകുമാർ, ഡോ. കെ. രാജേന്ദ്രൻ, ഡോ. കെ.പി ജോർജ്, ഡോ. സോണി ജോൺ, രേണു രാമനാഥൻ, വി.സി പ്രഭാകരൻ, കൃഷ്ണദാസ്, ഐ.എസ് ജ്യോതിഷ്, രമ്യ ജിജ്ഞാസ്, ഉദിമാനം കെ.എൻ.എ കുട്ടി, എ.എൻ രാജൻ എന്നിവർ സംസാരിച്ചു.