തൃശൂർ: താല്പര്യമുള്ളവർക്കെല്ലാം കൃഷിപാഠം പകർന്ന് മാതൃകയാവുകയാണ് ഇരിങ്ങാലക്കുട കൊറ്റനെല്ലൂർ ഇടവന വീട്ടിൽ വിനോദ്. ഇപ്പോൾ ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചർ റിസർച്ചിന് കീഴിലുള്ള നാഷണൽ ബ്യൂറോ ഒഫ് പ്‌ളാന്റ് ജെനറ്റിക് റിസോഴ്‌സിന്റെ (എൻ. ബി. പി. ജി. ആർ) കസ്റ്റോഡിയൻ ഫാർമറാണ്. നാടൻ കിഴങ്ങ് വർഗങ്ങളുടെയും കൃഷിയുടെയും സംരക്ഷണത്തിനായി കൃഷിശാസ്ത്രജ്ഞരുടെ നിർദ്ദേശ പ്രകാരം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവരാണ് കസ്റ്റോഡിയൻ ഫാർമർമാർ. ഇത്തരം കൃഷിയിനങ്ങളെ, അവയുടെ സ്വാഭാവിക പ്രകൃതിയിൽത്തന്നെ പരിപാലിക്കുന്നതിന്റെ ഭാഗമാണിത്.
എൻ. ബി. പി. ജി. ആറിന്റെ വെള്ളാനിക്കര കേന്ദ്രത്തിന് കീഴിലാണ് വിനോദ് പ്രവർത്തിക്കുന്നത്. പത്താം ക്‌ളാസിന് ശേഷം ഉന്നതപഠനം കൃഷിയിടത്തിലാക്കി. ഇപ്പോൾ വിദ്യാർത്ഥികളും കർഷകരും ഉൾപ്പെടെയുള്ളവർക്ക് കൃഷിപാഠം പകർന്നുകൊടുക്കുന്നു.
സ്വയം കണ്ടെടുക്കുന്ന നാടൻ വിത്തിനങ്ങൾ എൻ.ബി.പി.ജി.ആറിനു നൽകും. ശാസ്ത്രജ്ഞർ നൽകുന്നവ തന്റെ 90 സെന്റ് കൃഷിയിടത്തിൽ വളർത്തും. നാല് ഏക്കറോളം പാട്ടത്തിനുമെടുത്തിട്ടുണ്ട്. നാടൻ വിത്തിനങ്ങൾക്കായി നാട് മുഴുവൻ യാത്ര ചെയ്യും. നെല്ല്, കാച്ചിൽ, കപ്പ, കുരുമുളക്, ചേമ്പ്, ജാതി, മാവ്, പ്‌ളാവ് എന്നിവയിൽ വംശനാശം നേരിടുന്നവ വിനോദിന്റെ തോട്ടത്തിലുണ്ട്.
ഗവ. ഫാം അധികൃതരും കൃഷിക്കാരും അപൂർവയിനങ്ങൾക്കായി വിനോദിനെ തേടിവരും. വിനോദ് കണ്ടെത്തുന്ന ഇനങ്ങൾക്ക് ആ സ്ഥലത്തിന്റെ പേരിടും. വെട്ടാനിരുന്ന പ്‌ളാവിന്റെ പടുമുളയിൽ നിന്നാണ് കൊട്ടപ്പറമ്പ് വരിയ്ക്കയെ കണ്ടെടുത്തത്. നല്ല രുചിയുള്ള അപൂർവ നാടൻ ഇനം. കർഷകയായ സ്വപ്‌ന ജെയിംസ് കോട്ടയത്ത് നിന്നും കൊണ്ടുവന്ന, ചിപ്‌സുണ്ടാക്കാനുപയോഗിക്കുന്ന ചക്കയ്ക്ക് അവരുടെ വീട്ടുപേർ ചേർത്ത് പുളിക്കത്താഴം വരിക്കയെന്ന് പേരിട്ടു.
സിലോൺ വരിക്ക കൂട്ടുകാരൻ വഴി കാസർകോട്ടെ പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നുമാണ് കൊണ്ടുവന്നത്. കരിമ്പുഴ വരിക്ക കൊണ്ടുവന്നത് പാലക്കാട് കരിമ്പുഴയിൽ നിന്ന്. കൊല്ലത്ത് നിന്ന് ചെമ്പരത്തി വരിക്കയും. ആദിവാസികൾ കൃഷി ചെയ്യുന്ന സിദ്ദുവും ശങ്കരയ്യരും വിനോദിന്റെ തോട്ടത്തിലുണ്ട്. പശയില്ലാത്ത ചക്കയും ഒരു വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാം ഏർളിയുമൊക്കെ അപൂർവം ഇനങ്ങളാണ്.
ഇപ്പോൾ റാംബൂട്ടാനും മാങ്കോസ്റ്റിനുമൊക്കെ കൃഷി ചെയ്യാൻ തുടങ്ങുകയാണെന്ന് വിനോദ് പറഞ്ഞു.
കസ്റ്റോഡിയൻ ഫാർമർമാരിൽ നന്നായി പ്രവർത്തിക്കുന്നയാളാണ് വിനോദ്. ഇവരിലൂടെ പരമ്പരാഗത ഇനങ്ങളെ നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും കഴിയും. കൂടുതൽ കസ്റ്റോഡിയന്മാരെ കണ്ടെത്താനാണ് ശ്രമം
കെ. ജോസഫ് ജോൺ
പ്രിൻസിപ്പൽ സയന്റിസ്റ്റ്
എൻ. ബി. പി. ജി. ആർ, തൃശൂർ