കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ വീട് ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ പൊലീസ് നിസാര വകുപ്പിട്ട് സ്റ്റേഷൻ ജാമ്യം നൽകിയത് എം.എൽ.എയുടെയും, സി.പി.എം ഏരിയ കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ചാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ചെന്ത്രാപ്പിന്നിയിൽ ബിഷ സത്യന്റെയും, എടത്തിരുത്തിയിൽ സി.ഡി ലിറ്റിയുടെ വീടുമാണ് ആക്രമിച്ചത്. ജൂലായ് ഒമ്പതിന് എടത്തിരുത്തി മണ്ഡലം മഹിളാ കോൺഗ്രസ് നേതാവ് ലിറ്റിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാരക ആയുധങ്ങൾ ഉപയോഗിച്ച് മകൻ ലിജോയെ ആക്രമിച്ചിരുന്നു. പരിക്കേറ്റവർ രണ്ട് ദിവസം ആശുപത്രിയിൽ കിടന്നിട്ടും മൊഴിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും ശോഭാ സുബിൻ പറഞ്ഞു. പൊലീസിന് ആയുധങ്ങൾ ലഭിച്ചിട്ടും സ്റ്റേഷൻ ജാമ്യം നൽകുന്ന വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.

ഇതിനെതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ശോഭ സുബിൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് അഴീക്കോട്, വൈസ് പ്രസിഡന്റ് ഷെഫീക്ക് കയ്പമംഗലം, ഫിറോസ് എറിയാട്, ലിജേഷ്, ആസിഫ് മുഹമ്മദ്, ആദർശ് കിഴക്കേടത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.