വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ പതിമൂന്നാം ഡിവിഷനിൽ നാലുപേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. വീടുകൾ കേന്ദ്രീകരിച്ച് കൊതുക് നിവാരണ ബോധവത്ക്കരണവും നഗരസഭയുടെ നേതൃത്വത്തിൽ ഫോഗിംഗും നടന്നു. പനി ബാധിച്ചവർ ചിക്കൻ ഗുനിയയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് ആരോഗ്യപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി പടരാതിരിക്കാൻ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. വീടുകളിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കണം. കൊതുകുകൾ മുട്ടയിട്ട് പെരുകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു.