yatara-yakunu
അലഞ്ഞുനടന്ന ദാസനെ പ്രൊവിഡൻസ് ഹോമലേക്ക് യാത്രയയക്കാൻ എത്തിയ ജനപ്രതിനിധികൾ.

പുതുക്കാട്: അലഞ്ഞുനടന്ന വയോധികനെ എം.എൽ.എയുടെ നിർദ്ദേശ പ്രകാരം പ്രൊവിഡൻസ് ഹോമിൽ എത്തിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രി പരിസരത്ത് അലഞ്ഞുനടന്ന 60 വയസുള്ള ദാസനെയാണ് കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർദ്ദേശിച്ചതനുസരിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട ഹോം ഓഫ് പ്രൊവിഡൻസിൽ എത്തിച്ചത്. പുതുക്കാട് മണ്ഡലംതല ദുരന്ത നിവാരണ അതോറിറ്റി അവലോകന യോഗത്തിനിടെയാണ് വിഷയം എം.എൽ.എയുടെ ശ്രദ്ധയിൽ പെട്ടത്. പ്രസിഡന്റ് എം.ആർ രഞ്ജിത്തിനോപ്പം പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അൽജോ പുളിക്കൻ, ബി.ഡി.ഒ പി.ആർ അജയഘോഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു എന്നിവരും ഉണ്ടായിരുന്നു.