വടക്കാഞ്ചേരി: വിവിധ പ്രദേശങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ കവറുകളിൽകെട്ടി വലിച്ചെറിയുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വടക്കാഞ്ചേരി നഗരസഭ അധികൃതർ അറിയിച്ചു. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് കൂടുതലായും മാലിന്യം വലിച്ചെറിയുന്നത്. വടക്കാഞ്ചേരി മുതൽ അകമല വരെയുള്ള സംസ്ഥാന പാതയോരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. മാലിന്യം പൊതുനിരത്തിൽ നിക്ഷേപിച്ച സംഭവത്തിൽ 80 കേസുകൾ ഇതിനകം എടുത്തതായും നഗരസഭ അധികൃതർ അറിയിച്ചു. മാലിന്യം നിക്ഷേപിക്കാനായി ബയോബിൻ കിച്ചൺ ബിൻ, ബയോഗ്യാസ് പ്ലാന്റ്, വെർമി കമ്പോസ്റ്റ് എന്നിവ ആകർഷമായ രീതിയിൽ നൽകിവരുന്നുണ്ട്.