കൊടുങ്ങല്ലൂർ: കനത്ത മഴയിലും കടൽക്ഷോഭത്തിലും തകർന്നടിഞ്ഞ് എറിയാട് തീരം. തീരത്ത് സ്ഥാപിച്ചിരുന്ന ജിയോ ബാഗുകളും തടയണകളും പൂർണമായും തകർന്നു. തീരത്തെ തെങ്ങുകളും മറ്റും കട പുഴകാറായ അവസ്ഥയിലാണ്. മഴയിൽ എറിയാട് പഞ്ചായത്തിലെ തീരപ്രദേശത്ത് കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇതോടെ കടൽ ക്ഷോഭം ശക്തമാകുന്ന എറിയാട് 1, 23, 22 വാർഡുകളിലെ പ്രദേശവാസികൾ ആശങ്കയിലാണ്.
18 ലക്ഷം രൂപ ചെലവഴിച്ചാണ് കഴിഞ്ഞ മാസം ബ്ലാങ്ങാചാൽ അറപ്പ തോട് മണ്ണ് നീക്കി ആഴം കൂട്ടിയത്. ഒറ്റ ദിവസംകൊണ്ട് ഉണ്ടായ കടൽ ക്ഷോഭം മൂലം തോട്ടിൽ മണ്ണിടിഞ്ഞ് നീരൊഴുക്ക് നിലച്ച സ്ഥിതിയാണ്. എറിയാട് അറപ്പ് മുതൽ ആറാട്ടുവഴി വരെയുള്ള പ്രദേശത്തെ തോടിന് ആഴം കൂട്ടുന്നതിന് ആറ് ലക്ഷം രൂപ ഇറിഗേഷൻ വകുപ്പും അഴീക്കോട് ലൈറ്റ് ഹൗസ് മുതൽ കുഞ്ഞുമൊയ്തീൻ പാലം വരെ ആഴം കൂട്ടുന്നതിന് 12 ലക്ഷം രൂപ രണ്ടാഴ്ച മുമ്പ് എറിയാട് പഞ്ചായത്തും ചെലവഴിച്ചിരുന്നു. ഒരു വർഷം മുമ്പ് ലക്ഷങ്ങൾ ചെലവാക്കി തീരദേശത്ത് നിർമിച്ച ജിയോ ബാഗുകൾ തകർന്ന സ്ഥിതിയാണ്. അടിയന്തരമായി കടൽഭിത്തിയും, പുലിമുട്ടും നിർമ്മിച്ച് ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.