കുന്നംകുളം: നഗരസഭയുടെ ഇ.കെ നായനാർ സ്മാരക ബസ് സ്റ്റാൻഡിലേക്ക് ബസുകളെ പ്രവേശിപ്പിക്കാൻ ഇന്നലെ നഗരസഭയിൽ ചേർന്ന തൊഴിലാളി, ബസുടമ, കച്ചവട സംഘടനകളുടെ സംയുക്ത യോഗത്തിൽ ധാരണയായി. പുതിയ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ഈ മാസം 16, 19 തീയതികളിൽ രണ്ടു രീതിയിൽ രാവിലെ 10 മുതൽ ബസുകളുടെ ട്രയൽ റൺ നടത്താൻ യോഗം തീരുമാനിച്ചു. ഈ മാസം അവസാനത്തോടെ ബസ് സർവീസ് പൂർണമായും പുതിയ സ്റ്റാൻഡ് വഴിയാക്കുവാനാണ് നഗരസഭാ തീരുമാനം. പുതിയ റൂട്ടിനായി നഗരസഭ ജില്ലാ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. റൂട്ട് നടപ്പാക്കുന്നതിനു മന്നോടിയായാണ് എ.സി. മൊയ്തീൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നഗരസഭ ആലോചനാ യോഗം വിളിച്ചുചേർത്തത്.
പുതിയ ബസ് സ്റ്റാൻഡിലേക്ക് കോഴിക്കോട്, അക്കിക്കാവ്, പഴഞ്ഞി, പട്ടാമ്പി ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ ബൈജു വടക്കാഞ്ചേരി റോഡ് വഴി എം.ജി ഷോപ്പിംഗ് കോപ്ലക്‌സിനു മുന്നിലൂടെ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. തൃശൂർ, ഗുരുവായൂർ, ചാവക്കാട്, ആൽത്തറ ഭാഗത്തു നിന്നും വരുന്ന ബസുകൾ പതിവുപോലെ വന്ന് ഹെർബർട്ട് റോഡ് വഴി പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. കോഴിക്കോട്, അക്കിക്കാവ്, പഴഞ്ഞി, പട്ടാമ്പി ഭാഗത്തേക്ക് പോകേണ്ടവ ബസ് സ്റ്റാൻഡിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ട്രഷറി കെ.ആർ ഹോട്ടൽ റോഡിലൂടെ പട്ടാമ്പി റോഡിലെത്തി സർവീസ് നടത്തണം. ബാക്കിയെല്ലാ പ്രദേശങ്ങളിലേക്കും പോകുന്ന ബസുകൾ ബസ് സ്റ്റാൻഡിൽ നിന്നും ഹെർബർട്ട് റോഡ് വഴി ഗുരുവായൂർ റോഡിലെത്തി ടൗൺ ജംഗ്ഷൻ വഴി പതിവുപോലെ സർവീസ് നടത്തണം.
എ.സി.പി സിനോജ് മന്നോട്ടുവച്ച വ്യത്യസ്തമായ നിർദേശപ്രകാരം കോഴിക്കോട്, പട്ടാമ്പി, അക്കിക്കാവ്, പഴഞ്ഞി ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ സ്വകാര്യ ജ്വല്ലറിയുടെ മുൻവശത്ത് വലത്തോട്ട് തിരിഞ്ഞ് ട്രഷറി വഴി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന രീതിയും ഒരു ദിവസത്തെ ട്രയൽ റണ്ണിലൂടെ പരിശോധിക്കപ്പെടും.
പഴയ സ്റ്റാൻഡ് ഇല്ലാതാകുന്നതോടെ തൃശൂർ റോഡിലെ കെ.എസ്.ആർ.ടി.സി സ്‌റ്റോപ്പിൽ സ്വകാര്യ ബസുകൾക്കും സ്‌റ്റോപ്പ് അനുവദിക്കും. വടക്കാഞ്ചേരി, ഗുരുവായൂർ, തൃശൂർ യാത്രക്കാർക്ക് ഇതുപ്രയോജനകരമാകും. വടക്കാഞ്ചേരി, ഗുരുവായൂർ തൃശൂർ റോഡുകളിലേയും ട്രഷറി, എം.ജി. ഷോപ്പിംഗ് കോംപ്ലക്‌സ് റോഡിലെയും ഓട്ടോ സ്റ്റാൻഡുകളിൽ മാറ്റം വരും. ഹെർബർട്ട് റോഡിൽ ഇരുവശത്തും വാഹന പാർക്കിംഗ് അനുവദിക്കില്ല.
ട്രയൽ റൺ നടത്തി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് എ.സി. മൊയ്തീൻ എം.എൽ.എ അഭിപ്രായപ്പെട്ടു. നഗരസഭാ ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം സരേഷ്, നഗരസഭാ എൻജിനീയർ ബിനോയ് ബോസ്, ബസ് ഉടമ സംഘം പ്രതിനിധികളായ ഹരിദാസ്, മുജീബ്, സദൻ, ഗുരുവായൂർ ആർ.ടി.ഒ ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.