തൃപ്രയാർ: വീശിയടിച്ച ചുഴലിക്കാറ്റിൽ ഏങ്ങണ്ടിയൂർ, തളിക്കുളം പഴുവിൽ മേഖലകളിൽ വ്യാപകമായി നാശനഷ്ടമുണ്ടായി. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രത്തിന് സമീപം കുമാരൻ പനച്ചിക്കലിന്റെ പുരയിടത്തിലെ നിരവധി തെങ്ങുകൾ ഒടിഞ്ഞു വീണു. ശക്തമായ കാറ്റിൽ പിരിഞ്ഞോടിഞ്ഞ തെങ്ങുകൾ ഏതാനും മീറ്റർ അകലേക്ക് തെറിച്ചുവീണു.
ഇരുനില വീടിന്റെ ട്രസ് മേൽക്കൂരയും വാട്ടർ ടാങ്കും പൂർണമായും തകർന്നു. വീടിനോട് ചേർന്നുള്ള ഗസ്റ്റ് ഹൗസിന് മുകളിലേക്ക് പുളിമരം കടപുഴകി വീണു. ഗസ്റ്റ് ഹൗസിന്റെ പിറകുവശത്തെ ചുമർ വിണ്ടുകീറിയ നിലയിലായി. മുറിക്കുള്ളിൽ പാകിയ ടൈലുകളും തകർന്നിട്ടുണ്ട്. കിണറിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന മോട്ടോർ അടിത്തറയടക്കം തകർന്നു. തെങ്ങ് വീണ് മതിലിന്റെ ഒരുഭാഗവും ഗെയ്റ്റും തകർന്നു. നേന്ത്രവാഴ, കവുങ്ങ് എന്നിവയ്ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
വാർഡ് അംഗം ഗിൽ ദിനേശൻ സ്ഥലത്തെത്തി. തളിക്കുളം നമ്പിക്കടവിലെ പ്രവർത്തിക്കാതെ കിടന്നിരുന്ന പൊലീസ് നിരീക്ഷണ കേന്ദ്രത്തിന്റെ മുകളിലുണ്ടായിരുന്ന നാല് വാട്ടർ ടാങ്കുകൾ നിലം പതിച്ചു. സമീപത്തെ വീടിന് മുമ്പിലെ തേക്ക് മരം കടപുഴകി വീണെങ്കിലും നാശനഷ്ടം ഒഴിവായി. പഴുവിൽ കപ്പേളക്ക് സമീപം വട്ടപ്പറമ്പിൽ കൊച്ചുത്രേസ്യയുടെ വീടിന് മുകളിലേക്ക് തേക്ക് മരം വീണെങ്കിലും നാശനഷ്ടമുണ്ടായില്ല.