ഗുരുവായൂർ: സഹകരണ മേഖലയെ കേന്ദ്ര യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തി റിസർവ് ബാങ്കിന് അധികാരപ്പെടുത്തികൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ പാർലമെന്റ് ബിൽ നയം കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ.പി. മുഹമ്മദ് ബഷീർ പറഞ്ഞു. ഗുരുവായൂർ പടിഞ്ഞാറെനടയിൽ സെൻട്രൽ എക്‌സൈസ് ഓഫീസിന് മുന്നിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി) നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി ദുരിത കെടുതികളിൽ നിന്നും സംസ്ഥാനത്തെ ജനങ്ങളെ കരകയറ്റാൻ കൈകോർത്ത പ്രസ്ഥാനമാണ് സഹകരണ മേഖല. കേന്ദ്ര നയം മൂലം സഹകരണ നിയമം ഇല്ലാതാകുന്നതോടൊപ്പം കേരളത്തിന്റെ സാമ്പത്തികസ്രോതസ് തകിടം മറിയുകയും കാർഷിക മേഖലയെ തകരുകയും ചെയ്യുമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കെ.സി.ഇ.സി സംസ്ഥാന സെക്രട്ടറി പി.എ സജീവൻ പറഞ്ഞു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.എ ജെയ്ക്കബ്, സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി സി.വി ശ്രീനിവാസൻ, കെ.സി.ഇ.സി ഗുരുവായൂർ മേഖലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി കെ.കെ ജ്യോതിരാജ് എന്നിവർ സംസാരിച്ചു.
പ്രതിഷേധ സമരം സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ.പി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു.