ചാവക്കാട്: ദേശീയപാത എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് സമീപം നിയന്ത്രണംവിട്ട മീൻ ലോറി എതിരെവന്ന വാനിൽ ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. കർണാടകയിൽ നിന്ന് മീനുമായി പോയിരുന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന വാനിൽ തട്ടി തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റ് തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.