പാവറട്ടി: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട്‌ഫോൺ ഇല്ലെന്ന് പരാതിപ്പെട്ട പാടൂർ അൽമുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്‌വൺ വിദ്യാർത്ഥിനി ശ്രീക്കുട്ടിയ്ക്ക് മൊബൈൽ എത്തിച്ച് നൽകി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തലയെ പ്ലസ് വൺ വിദ്യാർത്ഥിനി ശ്രീക്കുട്ടി ഫോണിൽ വിളിച്ച് പരാതി പറഞ്ഞത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ രമേശ് ചെന്നിത്തല ഫോൺ എത്തിച്ചുനൽകാമെന്ന് വാക്ക് കൊടുത്തു. തുടർന്ന് കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് മുഖേന മുല്ലശ്ശേരിയിലെ ശ്രീക്കുട്ടിയുടെ വീട്ടിൽ ഫോൺ എത്തിച്ചു നൽകി. ശ്രീക്കുട്ടിയെ ഫോണിൽ വിളിച്ച രമേശ് ചെന്നിത്തല വിജയാശംസകളും നേർന്നു. ചടങ്ങിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ ക്ലെമറ്റ് ഫ്രാൻസിസ്, എൻ.ആർ അജിത്ത്പ്രസാദ്, പി.ബി ഗിരീഷ്, എ.എസ് മണി, ബിനു കാഞ്ഞരത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.