ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ മാട്ടുമ്മൽ പ്രദേശത്ത് റേഷൻകട അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലിന് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിവേദനം നൽകി. മണ്ഡലത്തിലെ കടപ്പുറം പഞ്ചായത്തിലെ ദ്വീപ് പ്രദേശമാണ് മാട്ടുമ്മൽ. മാട്ടുമ്മൽ പ്രദേശത്തുള്ളവർ കിലോമീറ്ററുകളോളം യാത്ര ചെയ്താണ് നിലവിൽ റേഷൻ വാങ്ങുന്നത്. അഞ്ഞൂറോളം കുടുംബങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് പ്രദേശത്ത് ഒരു റേഷൻകടയെന്നത്. റേഷൻകട അനുവദിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർ ജില്ലാ സപ്ലൈ ഓഫീസർക്ക് ശുപാർശ നൽകിയിട്ടുണ്ടെന്നും സർക്കാർതലത്തിൽ എത്രയുംവേഗം നടപടിയെടുക്കണമെന്നും എം.എൽ.എ മന്ത്രിയെ അറിയിച്ചു. പരിശോധനയ്ക്ക്‌ശേഷം ഉടൻ തുടർനടപടി സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചു.