കുന്നംകുളം: ഗതാഗതം നിരോധിച്ച ചൂണ്ടൽ പാലം പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധിച്ചു. ഉദ്ഘാടനം നടന്ന് ആറുമാസത്തിനിടയിൽ മൂന്നാംതവണയാണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നത്. റോഡിനടിയിലൂടെ കടന്നുപോകുന്ന വാട്ടർ അതോററ്റിയുടെ പൈപ്പ് പൊട്ടിയതിനെതുടർന്ന് റോഡിന്റെ ഒരുഭാഗം തകർന്നതാണ് ഇത്തവണ ഗതാഗതം നിരോധിക്കുന്നതിലേക്ക് നയിച്ചത് എന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തിയത്. റോഡിന്റെ ഒരുഭാഗത്ത് നിന്ന് വെള്ളം കിനിഞ്ഞിറങ്ങുകയും അവിടെ കുഴി രൂപപ്പെടുകയും ചെയ്തപ്പോഴാണ് പാലംവഴിയുള്ള ഗതാഗതം നിരോധിച്ചത്. പൊതുമരാമത്ത് വകുപ്പിലെ പാലം വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ സന്തോഷ് കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ ബിന്ദു, വാട്ടർ അതോററ്റി അസിസ്റ്റന്റ് എഞ്ചിനീയർ സി.കെ ലിജി, ഓവർസിയർ സീനജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിൽ, വൈസ് പ്രസിഡണ്ട് പി.ടി ജോസ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. വെള്ളം കിനിയുന്ന ഭാഗത്ത് കുഴിയെടുത്ത് പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത് കൊണ്ടാണോ വെള്ളം കിനിയുന്നതെന്ന് പരിശോധനയിലൂടെ മാത്രമെ വ്യക്തമാകൂ. അടിയന്തരമായി പരിശോധന നടത്താനാണ് തീരുമാനം. പാലത്തോട് ചേർന്നുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിലെ അപകാതയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്ന് തവണ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നതിന് കാരണമായതെന്ന് പരക്കെ ആക്ഷേപമുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഉദ്ഘാടനം നിർവ്വഹിച്ച പാലത്തിനാണ് ഈ ദുരവസ്ഥ ഉണ്ടായിട്ടുള്ളത്. ചൂണ്ടൽ പാലത്തിന്റെയും റോഡിന്റെയും കരാറെടുത്ത നിർമ്മാണ കമ്പനിയുടെയും പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും നിരുത്തരവാദിത്വവുമാണ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിലെ പാളിച്ചകൾക്ക് കാരണമെന്ന് പറയുന്നു. സമാനമായ സ്ഥിതിവിശേഷം ഉണ്ടായതിനെതുടർന്ന് റോഡിന്റെ ഒരുഭാഗത്ത് ഇന്റർലോക്ക് കട്ടകൾ വിരിച്ച് കഴിഞ്ഞ അഞ്ചിനാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. എന്നാൽ ഒരാഴ്ച കഴിയുമ്പോഴേക്കും പാലം വീണ്ടും അടച്ചിടുന്ന സാഹചര്യമുണ്ടായി.