വരന്തരപ്പിള്ളി: വേലൂപ്പാടം കാരികുളത്ത് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വീടുകൾക്ക് സമീപംവരെ കൊമ്പൻ എത്തി ഭീതി പരത്തി. കാട്ടിൽ നിന്ന് കൂട്ടംതെറ്റിയ ആന റബ്ബർ എസ്റ്റേറ്റിലൂടെയാണ് ജനവാസ മേഖലയിൽ എത്തിയത്. ആദ്യമായാണ് കാട്ടാന ഇവിടെ ഇറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ കുഴിയാനിമറ്റത്തിൽ മാത്യുവിന്റെ വാഴത്തോട്ടത്തിലിറങ്ങിയ ആന നിരവധി വാഴകൾ നശിപ്പിച്ചു. പിന്നീട് ഇവരുടെ വീടിനോട് ചേർന്നുള്ള പറമ്പിലെ പ്ലാവിൽ കുത്തുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. പാട്ടകൊട്ടി ശബ്ദം ഉണ്ടാക്കിയതോടെ ആന സമീപത്തുള്ള പറമ്പിലേക്ക് ഓടുകയായിരുന്നു. സമീപവാസിയായ തൈവളപ്പിൽ ജോസഫിന്റെ വീട്ടുമതിൽ തകർത്ത ആന പരിസരത്തുള്ള പറമ്പുകളിലെ കൃഷി വ്യാപകമായി നശിപ്പിച്ചു. വഴിയോരത്തുള്ള പ്ലാവ് കുത്തിമറിച്ചിട്ടു. നിരവധി കവുങ്ങുകളും വാഴകളും ആന കുത്തി നശിപ്പിച്ചു. നാട്ടുകാർ ഒന്നിച്ചെത്തിയാണ് ആനയെ തുരത്തിയത്. പുഴയോരത്തുള്ള പറമ്പിലൂടെ കടന്ന ആന പാലപ്പിള്ളി പിള്ളത്തോട് റോഡിൽ നിലയുറപ്പിച്ചു. പട്ടാപ്പകൽ നടുറോഡിൽ ആന നിൽക്കുന്നതുകണ്ട് പലരും ഭയന്നു. വാഹനങ്ങൾ ഹോൺ മുഴക്കിയതോടെ ആന സമീപത്തുള്ള റബ്ബർ തോട്ടത്തിലേക്ക് വലിഞ്ഞു. റബ്ബർ തോട്ടത്തിൽ തമ്പടിച്ചിരിയ്ക്കുന്ന ആന ഏതുസമയത്തും റോഡിൽ ഇറങ്ങുമെന്ന ആശങ്കയിലാണ് ആളുകൾ. ജനവാസമേഖലയിലും റോഡിലുമിറങ്ങി നാശനഷ്ടം വരുത്തുകയും ഭീതിപരത്തുകയും ചെയ്ത ആനയെ തുരത്താൻ വനപാലകർ നടപടിയെടുക്കണമെന്നും കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.