പാവറട്ടി : എളവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റ് ആദ്യമായി നടത്തിയ ഗ്രാമസഭയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾക്ക് ഡി.പി.സി അംഗീകാരം ലഭിച്ചു. 16 വാർഡുകളിലും വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡരികിൽ കാനകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രാമസഭ നിർദേശങ്ങൾക്കാണ് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരമായത്. ഗ്രാമപഞ്ചായത്തിന് ഈ വർഷം അനുവദിച്ച മെയിന്റനൻസ് ഗ്രാന്റിൽ നിന്നാണ് ഒരു കോടി രൂപ പദ്ധതിക്കായി നീക്കിവെച്ചത്. പദ്ധതിയുടെ ഭാഗമായി 3 കിലോമീറ്റർ ദൂരം കോൺക്രീറ്റ് കാനകൾ നിർമ്മിക്കും. ഓരോപ്രദേശത്തെയും നീരൊഴുക്കിന് സഹായകമാകുന്ന രീതിയിലാണ് കാനകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.