കയ്പമംഗലം: പെരിഞ്ഞനത്ത് ഇന്നലെ പുലർച്ചെയുണ്ടായ കനത്ത കാറ്റിൽ മരം വീണ് സ്‌കൂളിനും വീടിനും നാശനഷ്ടം. റോഡരികിലെ കൂറ്റൻ മരം കടപുഴകി വീണ് പെരിഞ്ഞനം ഈസ്റ്റ് അയ്യപ്പൻ മെമ്മോറിയൽ സ്‌കൂളിന്റെ പാചകപ്പുര തകർന്നു. പുലർച്ചെ അഞ്ചോടെയാണ് കാറ്റിൽ മരം കടപുഴകി വീണത്. പഴയ പാചകപ്പുരയാണ് തകർന്നിട്ടുള്ളത്. മരം കടപുഴകി റോഡിനും കേടുപാടുകൾ സംഭവിച്ചു. പെരിഞ്ഞനം ശ്രീ മുരുക റോഡിൽ കൊച്ചിപറമ്പത്ത് ശക്തിധരന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു. തൊട്ടടുത്ത പറമ്പിലെ മരമാണ് കടപുഴകി ഓടിട്ട വീടിന് മുകളിൽ വീണത്. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.