കൊടുങ്ങല്ലൂർ: തൃശൂരിൽ നിന്നും വരുന്ന സ്വകാര്യ ബസുകൾക്ക് കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിലേക്ക് വരാൻ സാഹചര്യം ഉണ്ടാക്കണമെന്ന് ബസുടമകളും ജീവനക്കാരും ആവശ്യപ്പെട്ടു. ഡ്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുഗതാഗതം കൊടുങ്ങല്ലൂരിൽ വിലക്കിയതിനെ തുടർന്ന് തൃശൂരിൽ നിന്നും വരുന്ന സ്വകാര്യ ബസ് സർവീസുകൾ നഗരസഭാ അതിർത്തിയായ കരുപ്പടന്നയിൽ യാത്ര അവസാനിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതിനാൽ കൊടുങ്ങല്ലൂരിലേക്ക് വരേണ്ട യാത്രക്കാർ 150 രൂപ അധിക പണം ചെലവഴിച്ച് ഓട്ടോറിക്ഷയിലാണ് നഗരത്തിൽ എത്തിചേരുന്നത്. കൊടുങ്ങല്ലൂരിൽ നിന്നും തിരിച്ചും തൃശൂരിലേക്ക് പോകേണ്ടവരും ഓട്ടോറിക്ഷയെ തന്നെയാണ് ആശ്രയിക്കുന്നത്. എന്നാൽ കൊടുങ്ങല്ലൂർ നഗരത്തിലൂടെ ഗുരുവായൂർ, എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബസുടമകളും ജീവനക്കാരും കുറ്റപ്പെടുത്തി. തൃശൂരിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ നിറയെ യാത്രക്കാരുമായി കൊടുങ്ങല്ലൂർ നഗരത്തിലേക്ക് വരുന്നതും പോകുന്നതിനും അധികൃതർ വിലക്കിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.