congress-
കോണത്തുകുന്ന് - മണിയൻകാവ് റോഡിൽ തട്ടാൻ വളവിൽ പുതുക്കി പണിത ഭാഗം തകർന്ന നിലയിൽ

കോണത്തുകുന്ന്: വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ കോണത്തുകുന്ന് - മണിയൻകാവ് റോഡ് "തട്ടാൻ വളവിൽ "പുതുക്കി പണിത ഭാഗം ആറാം മാസം തകർന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥലം എം.എൽ.എ മുൻകൈ എടുത്തു പൊതുമരാമത്ത് 25 ലക്ഷവും ഗ്രാമപഞ്ചായത്ത്‌ മൂന്ന് ലക്ഷവും ചേർന്ന് 28 ലക്ഷം രൂപ ചെലവിട്ടാണ് ഏകദേശം 50 മീറ്ററോളം റോഡ് വെള്ളക്കെട്ട് ഒഴിവാക്കാൻ പുനർനിർമ്മിച്ച് ടാറിംഗ് നടത്തിയത്.

വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിനോട് ചേർന്ന് കാന പണിതെങ്കിലും അതിലൂടെ വെള്ളം പോകാത്ത അവസ്ഥയാണ്. കാനയുടെ പണി ഇനിയും പൂർത്തീകരിച്ചിട്ടില്ല. മഴ പെയ്താൽ പരിസര വീടുകളിലേക്ക് വെള്ളം കയറുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മഴ പെയ്യുന്നതോടെ റോഡ് പൂർണമായും തകരുന്ന സ്ഥിതിയാണ്. തികച്ചും ആശാസ്ത്രീയമായാണ് റോഡ് നിർമിച്ചത്. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന് മുൻപായി തിരക്ക് പിടിച്ചാണ് നിർമ്മാണം നടത്തി ഉദ്ഘാടനം ചെയ്തത്. റോഡിന്റെ തകർച്ച ഉടൻ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇത്രയും തുക ചെലവഴിച്ച് നിർമ്മിച്ച റോഡ് തകർന്നതിനെ കുറിച്ചും റോഡിന്റെ നിർമ്മാണത്തിലെ അപാകതയും വിജിലൻസ് അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.

- അയൂബ് കരൂപ്പടന്ന (വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌)​