കൊടുങ്ങലൂർ: ശക്തമായ കാറ്റിലും മഴയിലും കൊടുങ്ങല്ലൂരിൽ മരങ്ങൾ വീണ് വ്യാപക നാശനഷ്ടം. വീടിനു മുകളിൽ മരം വീണ് രോഗിയായ വൃദ്ധന് പരിക്കേറ്റു. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. ദേശീയപാതയിൽ കോതപറമ്പിൽ തണൽമരം കടപുഴകി വീണ് ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സ് എത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കോതപറമ്പിൽ എടക്കരകത്ത് റഷീദിന്റെ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണ് നാശനഷ്ടമുണ്ടായി. വീടിന് മുകളിൽ ട്രസ്സ് വർക്ക് ചെയ്ത മേൽക്കൂര തകർന്നു. വീടിന്റെ മതിലിനും തൂണിനും കേടുപാട് സംഭവിച്ചു. എടവിലങ്ങ് പൊടിയൻ ബസാറിൽ മരം വീണ് വീട് തകർന്ന് രോഗിയായ ഗൃഹനാഥന് പരിക്കേറ്റു. പൊടിയൻ ബസാർ വടക്ക് ഭാഗത്ത് തൃപ്രയാറ്റ് കൊച്ചയ്യപ്പന്റെ ഓട് മേഞ്ഞ വീടാണ് തകർന്നത്. പുലർച്ചെയുണ്ടായ കാറ്റിൽ വീട്ടുമുറ്റത്തെ പ്ലാവ് കടപുഴകി വീണാണ് അപകടമുണ്ടായത്. കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലായ വീടിന്റെ മേൽക്കൂര പാടെ തകർന്നു. റോഡിൽ കാൽ വഴുതിവീണ് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ കൊച്ചയ്യപ്പന് എഴുന്നേറ്റ് മാറാൻ കഴിയാഞ്ഞതിനാൽ ദേഹത്ത് ഓട് വീഴുകയായിരുന്നു.
പുല്ലൂറ്റ്, മേത്തല തുടങ്ങിയ പ്രദേശങ്ങളിലും നിരവധി മരങ്ങൾ വീണു. എറിയാട് അഴീക്കോട് റൂട്ടിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. പുലർച്ച ഉണ്ടായ കാറ്റിൽ ആറാട്ട് വഴി പെട്രോൾ പമ്പിന് മുൻവശം മരങ്ങൾ റോഡിലേക്ക് വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. ഫയർഫോഴ്‌സും ഐ.ആർ.എഫ് വളണ്ടിയർന്മാരും ചേർന്ന് മരങ്ങൾ മുറിച്ചു മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജൻ നേതൃത്വം നൽകി.
എറിയാട് റോഡിൽ വീണ മരം ഫയർഫോഴ്സും സന്നദ്ധ സേനാ വളണ്ടിയർമാരും മുറിച്ചു മാറ്റുന്നു