ചാലക്കുടി: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള നായരങ്ങാടി ഗവ. മോഡൽ റസിഡൻസ് സ്‌കൂളിന് നൂറുമേനി വിജയം. 34 വിദ്യാർത്ഥികളാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷക്കിരുന്നത്. ഇതിൽ ആറ് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. മൂന്ന് വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങളിലും 3 പേർക്ക് 8 വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. എം.അനു, ടി.എസ് ആർച്ച, അശ്വതി അശോകൻ, ദേവനന്ദ അജീഷ്, സി.എസ് സേതുലക്ഷ്മി, ശ്യാമ മനു എന്നിവരാണ് ഫുൾ എ പ്ലസ് നേടിയവർ. കൊവിഡ് മഹാമാരി കാലത്തും പരീക്ഷക്കായുള്ള വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയതാണ് വിദ്യാലയത്തിന് നേട്ടമായത്. നൈറ്റ് ക്ലാസ്സ് ഉൾപ്പെടെയുള്ള സ്‌പെഷ്യൽ ക്ലാസ്സുകൾ ജനുവരി മുതൽ നടത്തിയിരുന്നു. പരീക്ഷാഭീതി ഇല്ലാതാക്കാനായി വിദഗദ്ധരുടെ പ്രചോദന ക്ലാസ്സുകളും നൽകിയിരുന്നു.