ചേലക്കര: രോഗവ്യാപനത്തിന്റെ തുടക്കം മുതൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളോട് പൂർണമായി സഹകരിച്ചിട്ടും ഇളവുകൾ പ്രഖ്യാപിക്കുന്നതിൽ ഒരുവിഭാഗത്തെ മാത്രം പരിഗണിക്കാതിരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തലപ്പിള്ളി താലൂക്ക് പ്രസിഡന്റ് പി.വൈ ഇബ്രാഹിം അൻവരി പറഞ്ഞു. പള്ളികളിൽ വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിനും ബലിപെരുന്നാൾ ദിനത്തിലും നാൽപത് ആളുകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത ചേലക്കര പഞ്ചായത്ത് ഏകോപന സമിതി ചേലക്കര മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ജില്ലാ സെകട്ടറി പി.എം അമീർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പി.എസ് കമറുദ്ദീൻ മുസ്ലിയാർ, സി.അബ്ദുൽ ഖാദർ, പി.പി അബ്ദു റഹ്മാൻ മണലാടി, എ.കെ ജബ്ബാർ മുസ്ലിയാർ, കെ.എ അബ്ദുസ്സലീം, എ.കെ അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു. ചേലക്കര റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഷമീർ അൻവരി സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് തൃശൂർ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി പി.എസ് നൗഫൽ നന്ദിയും പറഞ്ഞു.