ഒല്ലൂർ: നീട്ടി വളർത്തി പിന്നിയിട്ട് ചെമ്പകപ്പൂ ചൂടേണ്ടിയിരുന്ന മുടിയിഴകൾ കാൻസർ രോഗികൾക്കായി വെട്ടിക്കൊടുക്കാൻ അധിക സമയമൊന്നും ആലോചിക്കേണ്ടി വന്നില്ല നാലാംക്ലാസുകാരി ഏബലിന്. മാതാവ് ഭവ്യയും ബന്ധുവും ചെയ്ത പുണ്യപ്രവർത്തികളാവും ഇളയ വയസ്സുകാരിയായ എബലിനേയും ഈ ഉദ്ദ്യമത്തിലേക്ക് നയിച്ചത്. പുച്ചട്ടി ചിറ്റിലപ്പിള്ളി വീട്ടിൽ ബിജോയിയുടെ മകളായ ഏബൽ ആണ് തന്റെ മുടി മുറിച്ച് ക്യാൻസർ രോഗികൾക്കായി സംഭാവന ചെയ്തത്. കൊഴുക്കുള്ളി സ്വരാജ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഏബൽ. തൃശൂർ അമല ആശുപത്രിയിലാണ് ഏബൽ മുടി മുറിച്ച് നൽകിയത്. സി.പി.ഐ നടത്തറ ബ്രാഞ്ച് സെക്രട്ടറി ബിജോയിയുടെ ഏകമകളാണ് ഏബൽ.