rain

തൃശൂർ : കാലവർഷം ശക്തി പ്രാപിച്ചപ്പോൾ കൂടുതൽ മഴ ലഭിച്ചത് വടക്കാഞ്ചേരിയിൽ. ബുധനാഴ്ച രാവിലെ എട്ട് മുതൽ വ്യാഴാഴ്ച്ച രാവിലെ എട്ട് മണി വരെ മഴമാപിനിയിലെ കണക്ക് പ്രകാരം വടക്കാഞ്ചേരിയിൽ 49 മില്ലി മീറ്റർ മഴ ലഭിച്ചു. വടക്കാഞ്ചേരിക്ക് പുറമേ വെള്ളാനിക്കരയിലാണ് കൂടുതൽ മഴ ലഭിച്ചത്.

എന്നാൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ ശരാശരി മഴയേ ലഭിച്ചിട്ടുള്ളൂ. വടക്കാഞ്ചേരി മേഖലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഈ പ്രദേശത്ത് ഉൾപ്പെടുന്ന വാഴാനി ഡാമിന്റെ വൃഷ്ടി പ്രദേശത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇതേത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. മറ്റ് ഡാമുകളിലെയും ജലനിരപ്പ് ഉയരുന്നുണ്ട്. രണ്ട് ദിവസം മുമ്പ് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തിയിരുന്നു.

32 ശതമാനത്തിന്റെ കുറവ്

മൺസൂൺ ആരംഭിച്ച ശേഷം ഇതുവരെ ലഭിക്കേണ്ട മഴയിൽ 32 ശതമാനത്തിന്റെ കുറവാണുണ്ടായത്. ജൂൺ ഒന്ന് മുതൽ ജൂലായ് 15 വരെ ജില്ലയിൽ 1122 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചിട്ടുള്ളത് 762 മില്ലി മീറ്റർ മഴയാണ്. അടുത്ത മൂന്ന് ദിവസം കൂടി ജില്ലയിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 33 ശതമാനത്തിന്റെ മഴക്കുറവുണ്ട്.

ലഭിക്കേണ്ട മഴ

1122 മില്ലിമീറ്റർ


ലഭിച്ചത്


762 മില്ലി മീറ്റർ

കഴിഞ്ഞ ദിവസം ലഭിച്ച മഴ

വടക്കാഞ്ചേരി 49
വെള്ളാനിക്കര 43.2
പെരിങ്ങൽകുത്ത് 41.7
കൊടുങ്ങല്ലൂർ 26
ചാലക്കുടി 24.8
ഇരിങ്ങാലക്കുട 13.6