കൊടുങ്ങല്ലൂർ: സംസ്ഥാന ബ്ലൈന്റ് ക്രിക്കറ്റ് ടീം അംഗമായ മതിലകം സ്വദേശിനി പി.എം ഫാത്തിമ ഉൾക്കാഴ്ചയുടെ വെളിച്ചത്തിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതി നേടിയത് മിന്നും വിജയം.
എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡോടെയാണ് ഫാത്തിമ വിജയം കരസ്ഥമാക്കിയത്. സ്‌ക്രൈബ് സംവിധാനത്തിലായിരുന്നു പരീക്ഷ. ആലുവ കീഴ്മാട് ഗവ. അന്ധവിദ്യാലയത്തിൽ പരീക്ഷയെഴുതിയ അഞ്ച് വിദ്യാർത്ഥികളും മികച്ച വിജയം നേടി. ഇതിൽ ഫാത്തിമയ്ക്കും തൃശൂർ വലപ്പാട് സ്വദേശിനിയായ നർമദ രവിയ്ക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡുണ്ട്.
തനിക്കൊപ്പം കൂട്ടുകാർക്കും മികച്ച വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് ഫാത്തിമ. സംസ്ഥാന ബ്ലൈന്റ് ക്രിക്കറ്റ് ടീമിൽ ഫാത്തിമയ്‌ക്കൊപ്പം നർമദയുമുണ്ട്. ജന്മനാ അന്ധയായ ഫാത്തിമ രണ്ടാം ക്ലാസ് വരെ മതിലകം കാതിക്കോട് നഫീസ മെമ്മോറിയൽ സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് ഏഴാം ക്ലാസ് വരെ ആലുവ കീഴ്മാട് സ്‌കൂളിൽ പഠിച്ചു. അന്ധവിദ്യാലയത്തിലെ കുട്ടികൾക്കായി ഇവിടെ ഹോസ്റ്റൽ സൗകര്യവും സ്‌പെഷ്യൽ ട്യൂഷനും ഏർപ്പെടുത്തിയിരുന്നു.
ഏഴാം ക്ലാസ് കഴിഞ്ഞതോടെ സ്‌കൂൾ ഹോസ്റ്റലിൽ നിന്നായി പഠനം. മുത്തശ്ശി സുബൈദയായിരുന്നു ഫാത്തിമയ്ക്ക് കൂട്ട്. ഇതിനിടെ സംസ്ഥാന ക്രിക്കറ്റ് ടീമിലും അംഗമായി. ഡൽഹിയിൽ നടന്ന മത്സരത്തിൽ പങ്കെടുത്തിരുന്നു. കൊവിഡ് കാലമായതോടെ പഠനം ഓൺലൈനായി.
സമപ്രായക്കാരിയും ബന്ധുവുമായ ജസീറയോടൊപ്പമായി പിന്നീട് പഠനം. നോട്ടുകൾ എഴുതാനും വായിക്കാനും ജസീറ സഹായിച്ചതോടെ പഠനം എളുപ്പമായി. മതിലകം ഊമൻന്തറ പറക്കോട്ട് മജീദ് ജാസ്മിൻ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവളാണ് ഫാത്തിമ. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ എന്നിവർ വീട്ടിലെത്തി ഫാത്തിമയെ അനുമോദിച്ചു.