congress-
കോൺഗ്രസ് കൗൺസിലർമാർ ചെയർപേഴ്സന്റെ ചേമ്പറിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു


കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ഞായറാഴ്ച യുവതി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പ്രതിഷേധവുമായി നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ രംഗത്തെത്തി. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരോ നഴ്‌സുമാരോ മറ്റു ജീവനക്കാരോ ഇല്ലാത്തതും നിലവിലുള്ള ജീവനക്കാരുടെ അലംഭാവവുമാണ് യുവതി ശുചിമുറിയിൽ പ്രസവിക്കാൻ കാരണമായതെന്ന് ആരോപിച്ചാണ് കുന്നംകുളം നഗരസഭ ഓൺലൈൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് കൗൺസിലർമാർ എത്തിയത്. ചെയർപേഴ്‌സന്റെ ചേമ്പറിന് മുമ്പിൽ കുത്തിയിരുന്ന് കോൺഗ്രസ് കൗൺസിലർമാർ മുദ്രാവാക്യം വിളിച്ചു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അമ്മയും കുഞ്ഞും. കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നിരന്തരം ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് യാതൊരു സുരക്ഷയും അവിടെ ലഭിക്കുന്നില്ലെന്നും കോൺഗ്രസ് കൗൺസിലർമാർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും സ്വകാര്യ ആശുപത്രിയിലുള്ള കുഞ്ഞിന്റെയും അമ്മയുടെയും ചികിത്സാചെലവ് നഗരസഭ വഹിക്കണമെന്നും കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു.
കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ, ലബീബ് ഹസ്സൻ, മിഷ സെബാസ്റ്റ്യൻ, മിനി മോൻസി, ലീലാഉണ്ണിക്കൃഷ്ണൻ, പ്രസുന്ന റോഷിത്ത് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വിവരമറിഞ്ഞയുടനെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവർ ഇടപെട്ട് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുത്തതായും ബി.ജെ.പിയും കോൺഗ്രസും രാഷ്ട്രീയ പകപോക്കലിന് ശ്രമിക്കുകയാണെന്നും കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ പറഞ്ഞു.