chess
കല്യാണി സിരിൻ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി സ്മാരക ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ കല്യാണി സരിൻ ഏഷ്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ഓൾ ഇന്ത്യ ചെസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന നാഷണൽ സ്‌കൂൾ ഓൺലൈൻ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 11 ഗേൾസ് വിഭാഗത്തിൽ കല്ല്യാണി എട്ടാം സ്ഥാനം നേടിയിരുന്നു.


ഈ വർഷം കേരള ചെസ് അസോസിയേഷൻ നടത്തിയ അണ്ടർ 12 ഗേൾസ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും അണ്ടർ 16 ഗേൾസ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട് ഈ മിടുക്കി. പുല്ലൂറ്റ് നായ്ക്കുളം വട്ടപ്പറമ്പിൽ സരിൻ - ധന്യ ദമ്പതികളുടെ മകളാണ്. അയൽവാസിയായ ചേട്ടൻ ചെസ് കളിക്കുന്നതു കണ്ടാണ് കല്ല്യാണിയ്ക്ക് കരുനീക്കത്തിൽ താത്പര്യമുണ്ടായത്.


മകളുടെ ഇഷ്ടം കണ്ടറിഞ്ഞ മാതാപിതാക്കൾ മികച്ച പ്രോത്സാഹനമാണ് നൽകുന്നത്. ഗ്രാന്റ് മാസ്റ്റർ കിരീടം സ്വന്തമാക്കുകയെന്നതാണ് കല്ല്യാണിയുടെ സ്വപ്നം. കൊടുങ്ങല്ലൂർ നഗരസഭ മുൻ ചെയർമാനും സി.പി.ഐ നേതാവുമായിരുന്ന വി.കെ ഗോപിയുടെ പൗത്രിയാണ് കല്ല്യാണി. ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ഗോപിക സഹോദരിയാണ്.