ചെറുതുരുത്തി: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയവുമായി കേരളകലാമണ്ഡലം കൽപിത സർവകലാശാല. 2020-21 അദ്ധ്യയനവർഷത്തിൽ ആർട്ട് എച്ച്.എസ്.എൽ.സി പരീക്ഷ എഴുതിയ 68 വിദ്യാർത്ഥികളും വിജയിച്ചതോടെ കലാമണ്ഡലം നൂറ് ശതമാനം വിജയം കരസ്ഥമാക്കി. കഥകളി(വടക്കൻ, തെക്കൻ), മോഹിനിയാട്ടം, കൂടിയാട്ടം(ആൺ, പെൺ) ചെണ്ട, കഥകളിസംഗീതം, മദ്ദളം, ചുട്ടി, മിഴാവ്, തിമില, കർണ്ണാടാക സംഗീതം, തുള്ളൽ, മൃദംഗം എന്നീ പതിനാല് വിഭാഗങ്ങളിലെ കുട്ടികളാണ് പരീക്ഷ എഴുതിയത്. മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്, സയൻസ്, കണക്ക്, ഹ്യുമാനിറ്റീസ്, ഇൻഫോർമേഷൻ ടെക്‌നോളജി ആർട്ട് തിയറി, പ്രയോഗം, സാഹിത്യം, രംഗാവതരണം എന്നിങ്ങനെ 12 പേപ്പറാണ് എ.എച്ച്.എസ്.എൽ.സിയുടെ സിലബസ്സിലുള്ളത്. കൊവിഡ് 19 ന്റെ സാഹചര്യത്തിൽ ഓൺലൈൻ വഴി അദ്ധ്യയനം നടത്തിയ വർഷമാണിത്. രംഗ കലാപഠനം ഓൺലൈൻ വഴി നടത്തുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും അതിനെയെല്ലാം മറികടന്ന് നേടിയ നൂറുശതമാനം വിജയത്തിൽ വൈസ് ചാൻസലർ ഡോ: ടി. കെ നാരായണൻ എല്ലാ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അഭിനന്ദിച്ചു.
ഏത് പ്രതിസന്ധിയേയും നേരിടാൻ സാധിക്കുമെന്നും ആ പ്രതിസന്ധികളെ തരണംചെയ്ത് വിജയം കരസ്ഥമാക്കാൻ സാധിക്കുമെന്നുമുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ വിജയമെന്നും വൈസ് ചാൻസലർ പറഞ്ഞു.