പുതുക്കാട്: റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് തടസങ്ങൾ നീങ്ങുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ 2019-20 വർഷത്തെ ബഡ്ജറ്റിൽ വകയിരുത്തിയ 40 കോടി രൂപ വിനിയോഗിച്ചാണ് മേൽപ്പാലം നിർമ്മിക്കുന്നത്. 2002 ലാണ് റെയിൽവെക്കുവേണ്ടി സംസ്ഥാന റോഡ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ മേൽപ്പാലത്തിനു വേണ്ടി സർവ്വേ നടത്തി രൂപരേഖ തയാറാക്കിയത്.
പുതുക്കാട് നിന്നുള്ള റെയിൽവേ സ്റ്റേഷൻ റോഡിൽ ഗെയ്റ്റിന് മുമ്പായി ആരംഭിക്കുന്ന മേൽപ്പാലം പൂർണ്ണമായും തുണുകളിലാണ് നിർമ്മിക്കുക. മേൽപാലം അവസാനിക്കുന്ന റെയിൽവേ ട്രാക്കിന്റെ പടിഞ്ഞാറുവശത്തു നിന്നും തെക്കേ തൊറവിലേക്കും പാഴായി റോഡിലേക്കും രണ്ട് റോഡുകളായി തിരിയും വിധമാണ് രേഖ. മേൽപ്പാലം പൂർത്തീകരിക്കുന്നതോടെ സ്റ്റേഷനു സമീപത്തെ പ്രധാന ഗെയ്റ്റും തെക്കേ തൊറവിലേക്കുള്ള ഗെയ്റ്റും ഒഴിവാക്കും. രണ്ട് വർഷം മുമ്പ് മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ എതാനും ഭൂവുടമകൾ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ചു. ഇത് പ്രവർത്തികൾ വൈകിപ്പിച്ചു. എറ്റെടുക്കൽ പ്രവർത്തികൾ തടയാതിരുന്ന കോടതി നടപടി വന്നതോടെ പദ്ധതിക്ക് ആവശ്യമായ ഭൂമി അളന്ന് അതിർത്തി കല്ലുകൾ സ്ഥാപിച്ചു. ഇതിനിടെ കൊച്ചി-ഷൊർണൂർ മൂന്നാംപാതക്ക് അനുമതിയായി. ഇതോടെ മേൽപ്പാലത്തിന്റെ രൂപരേഖയിൽ മാറ്റം അനിവാര്യമായി. ഇതനുസരിച്ച് രൂപരേഖ തയ്യാറാക്കി. പുതിയ രൂപരേഖ അനുസരിച്ച് കൂടുതൽ ഭൂമി എറ്റെടുക്കേണ്ടി വരുമോ എന്ന് പരിശോധിക്കും.
റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം എന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തിരുവനനന്തപുരത്ത് കിഫ്ബി ഓഫീസിൽ ജൂൺ 30ന് യോഗം ചേർന്നിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരം ബ്രിഡ്ജസ് കോർപ്പറേഷൻ എ.ജി.എം അലക്‌സ്, അസി.എഞ്ചിനീയർ നസീം എന്നിവർ എന്നിവർ റെയിൽവേ മേൽപാല സ്ഥലം സന്ദർശിക്കുകയും കെ.കെ രാമചന്ദ്രൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രജിത്ത്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി.