ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിൽ അപ്രതീക്ഷിത കടൽക്ഷോഭം. പഞ്ചായത്തിലുള്ള ആശുപത്രി വളവ്, അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് അഴിമുഖം ഭാഗങ്ങളിലാണ് ഇന്നലെ ഉച്ചയോടെ അപ്രതീക്ഷിതമായി കടൽക്ഷോഭം ഉണ്ടായത്. തിരമാല ആർത്തലച്ച് വന്നതോടെ കടൽവെള്ളം തീരദേശ റോഡ് കവിഞ്ഞൊഴുകി. നിരവധി വീടുകൾ വെള്ളക്കെട്ടിലായി. കടലിൽ നിന്നും 100 മീറ്ററോളം ദൂരത്തിൽ കരയിലേക്ക് വെള്ളം ആഞ്ഞടിച്ചതോടെ കടലോരവാസികൾ പരിഭ്രാന്തരായി. കഴിഞ്ഞമാസം ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ കരിങ്കൽ ഭിത്തിയും ജിയോ ബാഗും തകർന്ന ഭാഗങ്ങളിലാണ് വീണ്ടും കടലേറ്റമുണ്ടായത്. കടലേറ്റത്തെ പ്രതിരോധിക്കാൻ ഈമേഖലയിൽ ഇതുവരെ യാതൊരുവിധ പ്രവർത്തനങ്ങളും നടത്താതിരുന്നതാണ് വെള്ളം കേറാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.