ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ ലാബിൽ ഹെൽത്ത് പാക്കേജിന്റെ പ്രവർത്തനവും നടപ്പിലാക്കാൻ ഹോസ്പിറ്റൽ മാനേജുമെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനം. മൂന്ന് വിഭാഗങ്ങളിലായാണ് പാക്കേജ് നടപ്പിലാക്കുക. ആശുപത്രിയുടെ പ്രവേശന കവാടത്തിൽ അപകടക്കെണിയാകുന്ന കാറ്റിൽ ഗ്രില്ലിലെ അപാകതകൾ പരിഹരിക്കാനും തിരുമാനിച്ചു. വാർഡ് കൗൺസിലർ വി.ജെ ജോജിയാണ് ഇക്കാര്യം ഉന്നയിച്ചത്. ആഗസ്റ്റ് ഒന്നുമുതൽ ആശുപത്രിയിൽ പാർക്കിംഗ് ഫീസ് ഈടാക്കും. ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് രൂപയും കാറുകളടക്കമുള്ള വാഹനങ്ങൾക്ക് പത്ത് രൂപയുമാണ് നൽകേണ്ടത്. ഇക്കാര്യത്തിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ വിയോജിപ്പ് രേഖപ്പെടുത്തി. രോഗികളില്ലാതെ ആർ.ടി.പി.സി.ആർ ടെസ്റ്റിനെത്തുന്നവരിൽ നിന്നും 500രൂപ ഈടാക്കാനും തീരുമാനിച്ചു. യോഗത്തിൽ സനീഷ് കുമാർ ജോസഫ് അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ വി.ഒ പൈലപ്പൻ, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി പോൾ, വി.ജെ ജോജി, ഷിബു വാലപ്പൻ, ആശുപത്രി സൂപ്രണ്ട് ഡോ.എൻ.എ ഷീജ, പി.എം ശ്രീധരൻ, സജീവ് പള്ളത്ത് തുടങ്ങിയവർ സംബന്ധിച്ചു.