ration

തൃശൂർ: അനധികൃതമായി റേഷൻ മുൻഗണനാ വിഭാഗത്തിൽ കയറിക്കൂടിയവർക്ക് സ്വയം ഒഴിവാകാൻ അപേക്ഷ സമർപ്പിക്കാൻ നൽകിയ സമയ പരിധി കഴിഞ്ഞതോടെ ഇന്നലെ വൈകീട്ട് അഞ്ച് മണിവരെ ലഭിച്ചത് 6692 അപേക്ഷകൾ. എ.എ.വൈ വിഭാഗത്തിൽ 515, മുൻഗണന വിഭാഗ(പി.എച്ച്.എച്ച്) 3353,എൻ.പി.എസ് വിഭാഗത്തിൽ 2824 അപേക്ഷകളുമാണ് വിവിധ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി ലഭിച്ചത്. ഇന്നലെ വരെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം . ഇന്ന് മുതൽ കർശന പരിശോധന ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അയ്യപ്പ ദാസ് ഫറഞ്ഞു. നടപടി ശക്തമാക്കിയതോടെ സ്വയം മാറാൻ അപേക്ഷയുമായി ആയിരങ്ങൾ. അപേക്ഷ നൽകാതിരുന്ന് പിന്നീട് പരിശോധനയിലൂടെ കണ്ടെത്തിയാൽ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ആളുകൾ സ്വ.ം ഒഴിഞ്ഞു പോകലിന് അപേക്ഷ നൽകിയത്.
അനർഹമായി 2016 നവംബർ മുതൽ ഇതുവരെ കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ അധികവില പിഴയീടാക്കും. പിഴ അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടി സ്വീകരിക്കും. റേഷൻ കാർഡ് സ്ഥിരമായി റദ്ദ് ചെയ്യുകയും ചെയ്യും.
സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ, ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ, സർവീസ് പെൻഷൻ വാങ്ങുന്നവർ എന്നിവർ മുൻഗണനാ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ വകുപ്പുതല നടപടികൾക്ക് ശുപാർശ ചെയ്യും.
അർഹരായ ആയിരക്കണക്കിന് പേർ മുൻഗണനാ പട്ടികയിൽപെടാതെ നിൽക്കുമ്പോൾ സർക്കാർ ജീവനക്കാർ മുതൽ ആദായ നികുതി അടയ്ക്കുന്നവർ വരെ മുൻഗണനാ പട്ടികയിൽ കയറിക്കൂടി ആനുകൂല്യം കൈപ്പറ്റുന്നുണ്ട്. തൃശൂർ, തലപ്പിള്ളി, ചാവക്കാട്, കുന്നംകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളിലായി കഴിഞ്ഞ ഒരു മാസത്തിലുള്ളിലാണ് ഇത്രയേറെ അപേക്ഷകൾ ലഭിച്ചത്. നേരത്തെ ജൂൺ 30 നകം അപേക്ഷ നൽകണമെന്നായിരുന്നു നിർദ്ദേശം .എന്നാൽ പിന്നീടത് ജൂലായ് 15 വരെ നീട്ടുകയായിരുന്നു.

മൂന്നു വിഭാഗങ്ങളായി എറ്റവും കൂടുതൽ അപേക്ഷ നൽകിയത് തൃശൂർ താലൂക്കിലാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 2230 പേരാണ് ഒഴിവാക്കൽ അപേക്ഷ നൽകിയത്. എറ്റവും കുറവ് കൊടുങ്ങല്ലൂർ താലൂക്കിലാണ്. 557 അപേക്ഷകളാണ് ഇവിടെ ലഭിച്ചിരിക്കുന്നത്.


ലഭിച്ച അപേക്ഷകൾ

തൃശൂർ 2230

തലപ്പിള്ളി 1122

ചാവക്കാട് 865

മുകുന്ദപുരം 686

ചാലക്കുടി 1232

കൊടുങ്ങല്ലൂർ 557

ആകെ അപേക്ഷകൾ 6692
കണ്ടുപിടിച്ചാൽ വൻപിഴ

അനർഹരായവർ അപേക്ഷ നൽകാതെ ആനുകൂല്യം കൈപ്പറ്റുന്നത് കണ്ടുപിടിച്ചാൽ വൻ പിഴയാണ് ഉണ്ടാവുക. എ.എ.വൈ കാർഡുടമയ്ക്ക് മാസം 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമാണ്. അനർഹരാണെന്ന് കണ്ടുപിടിച്ചാൽ ഒരു കിലോ അരിക്ക് 64 രൂപ നിരക്കിലാണ് പിഴ. ഗോതമ്പിന് 20, പഞ്ചസാരയ്ക്ക് 25 രൂപയും ഈടാക്കും. അരിക്ക് 64 രൂപ കണക്കാക്കിയാൽ ഒരു വർഷത്തേക്ക് എകദേശം 23,000 രൂപ പിഴയടക്കേണ്ടി വരും.