തൃശൂർ: കുണ്ടറയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നിൽ മുൻകരുതലിന്റെ അഭാവമാണെന്ന് ഫയർ ആൻഡ് റെസ്‌ക്യു അധികൃതർ പറയുന്നു. പുതിയതായാലും ഉപയോഗിക്കുന്നതായാലും കിണറ്റിൽ വായുസഞ്ചാരം ഉറപ്പാക്കണം. വെള്ളം കോരുന്നവയിൽ മോട്ടോർ ഉപയോഗിക്കുന്നവയേക്കാൾ വായുസഞ്ചാരമുണ്ടാകും. ഉപേക്ഷിച്ച കിണറുകളിൽ മാലിന്യം ചീഞ്ഞ് വിഷവാതകമുണ്ടാകും. ഇത്തരം കിണറുകളിൽ മാലിന്യം നിക്ഷേപിക്കാറുമുണ്ട്. പരിസരത്ത് ചതുപ്പുകളോ മണ്ണിനടിയിൽപ്പെട്ട മാലിന്യങ്ങളോ ഉണ്ടെങ്കിലും കിണറ്റിലേക്ക് വിഷവാതകമെത്താം. അന്തരീക്ഷത്തിലുള്ള 21 ശതമാനം ഓക്‌സിജനാണ് ശ്വസനത്തിനു സഹായിക്കുന്നത്. കിണറിൽ ആഴത്തിലേക്ക് പോകുമ്പോൾ ഇത് കുറയാം. തലവേദനയും തല കറക്കവും തുടർന്ന് മരണവും സംഭവിക്കാം.
വിഷവാതകങ്ങൾ
മീഥെയ്ൻ, കാർബൺ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ്, സൾഫൈഡ് തുടങ്ങിയവയാണ് കിണറിലുണ്ടാകുന്ന വാതകങ്ങൾ. മാലിന്യം ചീയുമ്പോഴാണ് മീഥെയ്ൻ ഉണ്ടാകുന്നത്. വെള്ളം വറ്റിക്കാൻ ഡീസൽ-മണ്ണെണ്ണ പമ്പുകൾ ഉപയോഗിക്കുമ്പോൾ കാർബൺ മോണോക്‌സൈഡ് കിണറ്റിൽ തങ്ങി നിന്നും അപകടമുണ്ടാകും.
മുൻകരുതൽ
ഓക്‌സിജനുണ്ടെന്ന് ഉറപ്പാക്കാൻ ഒരു ബക്കറ്റിൽ കുറച്ച് മണ്ണിട്ട് അതിൽ മെഴുകുതിരി വച്ച് കത്തിച്ച് മെല്ലെ കിണറ്റിലിറക്കുക. കെടുന്നിടത്ത് ഓക്‌സിജനില്ലെന്ന് അർത്ഥം. ചൂട്ടോ, കടലാസോ കത്തിച്ചിട്ട് പരിശോധിക്കരുത്. ഇത് പുക തങ്ങിനിൽക്കാൻ ഇടയാക്കും. മെഴുകുതിരി കത്തുമ്പോൾ പുകയില്ല. വായുസഞ്ചാരമില്ലെന്ന് കണ്ടാൽ പത്തോ പതിനഞ്ചോ മരച്ചില്ലകൾ കൂട്ടിക്കെട്ടി കെട്ടിയിറക്കി മുകളിലേക്കും താഴേക്കും വലിക്കുക. തങ്ങി നിൽക്കുന്ന വായുവിന് അനക്കമുണ്ടാകുന്നതോടെ 80 ശതമാനം വരെ വായുസഞ്ചാരം ഉണ്ടാകും. വെള്ളം ധാര ചെയ്യുകയുമാവാം.
ഇറങ്ങുന്നയാളുടെ ഇടുപ്പിലും നെഞ്ചിലും ചേർത്ത് ബെൽറ്റോ കയറോ കെട്ടി മുകളിൽ നിന്ന് പിടിക്കണം. ഒരാൾക്ക് രണ്ടെന്ന കണക്കിൽ കിണറിന് മുകൾ ഭാഗത്ത് ആൾ വേണം. അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ ഇടംവലം നോക്കാതെ ചാടിയിറങ്ങരുത്. സഹായം ആവശ്യപ്പെട്ടാൽ വേണ്ടത് ചെയ്യാൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റെന്നി ലൂക്കോസ്
അസി. ഡയറക്ടർ
ഫയർ ആൻഡ് റെസ്‌ക്യു അക്കാഡമി
തൃശൂർ