തൃശൂർ: ജില്ലയിൽ മുദ്രപത്ര ക്ഷാമം രൂക്ഷമായി. കൂടുതൽ ആവശ്യമുള്ളതും ചെറിയ മൂല്യമുള്ളതുമായ 50, 100, 200, 500 രൂപ തുടങ്ങിയ മുദ്രപത്രങ്ങളാണ് കിട്ടാനില്ലാതായത്. ജില്ലാ ട്രഷറിയിലുള്ള സ്റ്റാമ്പ് ഡിപ്പോയിൽ ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ തീർന്നതാണ് ക്ഷാമത്തിന് കാരണമായത്. കഴിഞ്ഞ ദിവസമാണ് 500 രൂപയുടെ മുദ്രപത്രം തീർന്നത്.
ഉപയോഗശൂന്യമായി കിടന്ന അഞ്ചുരൂപയുടെയും 10 രൂപയുടെയും മുദ്രപത്രങ്ങൾ ജില്ലാ സ്റ്റാമ്പ് ഡിപ്പോ ഓഫീസർമാരെ കൊണ്ട് പുനർമൂല്യനിർണയം നടത്തി 50 രൂപ 100 രൂപ എന്നീ വിലയിലുള്ള മുദ്രപത്രമാക്കിയാണ് താത്കാലികമായി വിതരണം ചെയ്യുന്നത്. വിൽപന നടത്തുന്ന സ്റ്റാമ്പ് വെണ്ടർമാർക്കും സബ് ട്രഷറികളിലേക്കും മുദ്രപത്രം വിതരണം ചെയ്യുന്നത് ജില്ലാ ട്രഷറിയിലുള്ള ജില്ലാ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ്. തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് മുദ്രപത്രങ്ങൾ എത്തുന്നത്.
കൊവിഡ് വ്യാപനത്തോടുകൂടി മഹാരാഷ്ട്രയിലെ നാസിക് സെക്യൂരിറ്റി പ്രസിൽ നിന്ന് മുദ്രപത്രങ്ങൾ ആവശ്യത്തിന് കിട്ടാത്തതാണ് ക്ഷാമം രൂക്ഷമാകാൻ കാരണം. കുറഞ്ഞ മൂല്യമുള്ള മുദ്രപത്രങ്ങൾ ഉയർന്ന മൂല്യമുള്ളതാക്കി മാറ്റാൻ ട്രഷറി ഡയറക്ടർ വിവിധ ജില്ലകളിലെ സ്റ്റാമ്പ് ഡിപ്പോ ഓഫീസർമാർക്ക് പ്രത്യേക അധികാരം നൽകിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. ഇതുചെയ്യേണ്ടത് ദൈനംദിന പ്രവൃത്തിക്കിടയിൽ വേണമെന്നതിനാൽ ഒരു ദിവസം 500 മുതൽ 1000 എണ്ണം വരെ മാത്രമേ സീൽ ചെയ്ത് ഒപ്പുവച്ച് കമ്പ്യൂട്ടറിൽ സ്‌റ്റോക്ക് രേഖപ്പെടുത്തി വിതരണത്തിന് കൊടുക്കാൻ കഴിയൂ. ഇത് തൃശൂർ നഗരത്തിലെ വെണ്ടർമാർക്ക് തന്നെ കൊടുക്കാൻ തികയുന്നില്ല.
ആവശ്യം നടക്കാൻ വില മൂല്യം കൂടിയത് വാങ്ങേണ്ട ഗതികേടിൽ ജനങ്ങൾ
വിവിധ ആവശ്യങ്ങൾക്ക് കൂടുതലായി വേണ്ടിവരുന്ന 50, 100, 200, 500 മൂല്യമുള്ള മുദ്ര പേപ്പറുകൾക്ക് ക്ഷാമം ഉള്ളതിനാൽ ഇവയ്ക്ക് പകരം 1000, 5000 രൂപ മൂല്യമുള്ളവ വാങ്ങേണ്ടി വരുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി മുദ്രപത്രത്തിനായെത്തുന്ന സാധാരണക്കാരായ ജനങ്ങൾ വളരെ ബുദ്ധിമുട്ട് നേരിടുകയാണ്. ഓഫീസുകളിൽ കെട്ടികിടക്കുന്ന കുറഞ്ഞ മൂല്യമുള്ള മുദ്രപത്രങ്ങൾ ഉയർന്ന മൂല്യമുള്ളതാക്കി സീൽ വച്ച് ഒപ്പിട്ട് മാറ്റുന്നതിന് 1. 80 പൈസ വച്ച് ലഭിക്കും. ജില്ലയിലെ ഉദ്യോഗസ്ഥർ ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന മുദ്രപത്രങ്ങൾ ഉയർന്നമൂല്യമുള്ളതാക്കി മാറ്റുന്നതിനാലാണ് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ ക്ഷാമം റിപ്പോർട്ട് ചെയ്യാത്തത്.
സർക്കാർ ഇടപെടണം
ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ എത്രയും പെട്ടെന്ന് വിപണിയിൽ ലഭ്യമാക്കണമെന്നും പൊതുജന ആവശ്യം മുൻനിറുത്തി ഇക്കാര്യത്തിൽ സർക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്നും ആധാരമെഴുത്തുകാർ ആവശ്യപ്പെട്ടു.