തൃശൂർ: മണ്ണുത്തി 110 കെ.വി. സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടനം 19ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. തൃശൂർ കോർപ്പറേഷൻ പരിധിയിലെ മണ്ണുത്തി, ഒല്ലൂക്കര വാർഡുകളിലെയും മാടക്കത്തറ, നടത്തറ, പാണഞ്ചേരി പഞ്ചായത്തുകളിലെ അമ്പതിനായിരം വീട്ടുകാർക്കും പദ്ധതിയുടെ ഗുണം ലഭിക്കും. മന്ത്രി കെ. രാജൻ, ടി.എൻ പ്രതാപൻ എം.പി, മേയർ എം.കെ വർഗീസ് എന്നിവർ പങ്കെടുക്കും.
2019 ഡിസംബർ 23നു അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന എം.എം മണിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 11.6 കോടി വകയിരുത്തിയെങ്കിലും 10 കോടിയിൽ നിർമ്മാണം എട്ടുമാസംകൊണ്ട് പൂർത്തിയാക്കി. മണ്ണുത്തി വെറ്റിനറി കോളജ് 30 വർഷത്തേക്കു വാടകയ്ക്കു നൽകിയ സ്ഥലത്താണു നിർമ്മാണം. 110 കെ.വിയുടെ ഒരു ട്രാൻസ്‌ഫോർമർ ആദ്യഘട്ടത്തിൽ സ്ഥാപിച്ചു. ആറുപ്രദേശങ്ങളിലെ 11 കെ.വി ഫീഡറുകളിലേക്കും വൈദ്യുതി എത്തിക്കും. മുളയം, മുടിക്കോട്, മുല്ലക്കര, കൃഷ്ണപുരം, നെല്ലിക്കുന്ന്, വെറ്ററിനറി കോളജ് എന്നിങ്ങനെയാണ് ആറു 11 കെ.വി. ഫീഡറുകൾ. നിലവിലുള്ള ഒരു ട്രാൻസ്‌ഫോർമർ കൂടാതെ രണ്ട് ട്രാൻസ്‌ഫോർമറുകൾകൂടി ഇവിടെ സ്ഥാപിക്കും. വാർത്താസമ്മേളനത്തിൽ പി. സേതുമാധവൻ, രജ്ഞിനി ദേവി, ജിജി ഫ്രാൻസിസ്, ടി.കെ നബീസ് പങ്കെടുത്തു.