കാഞ്ഞാണി: മണലൂർ പഞ്ചായത്തിലെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങൾക്ക് അർഹമായ വേതനം ലഭിക്കുന്നില്ലെന്ന് പരാതി. പഞ്ചായത്തിലെ 19 വാർഡുകളിലെ വീടുകളിൽ നിന്നാണ് ഇവർ മാലിന്യങ്ങൾ ശേഖരിക്കുന്നത്. മാസത്തിൽ വീട്ടുകാർ നൽകുന്ന 50 രൂപയാണ് പ്രതിഫലം. ഒരു വാർഡിൽ ശരാശരി 300 ഓളം വീടുകൾ ഉണ്ടെങ്കിലും പകുതിയോളം പേർ പദ്ധതിയുമായി സഹകരിക്കാത്ത സ്ഥിതിയാണ്. ആയതിനാൽ സേന അംഗങ്ങൾക്ക് ലഭിക്കുന്ന വരുമാനവും തുച്ഛമാണ്.
ശേഖരിക്കുന്ന മാലിന്യങ്ങൾ അവിടെ വച്ച് തന്നെയാണ് വേർതിരിച്ചിരുന്നത്. കൊവിഡ് പിടിമുറുക്കിയതോടെ വീട്ടുകാർ നൽകുന്ന മുഴുവൻ മാലിന്യങ്ങളും ചാക്കിലാക്കി കാഞ്ഞാണിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തിച്ചാണ് തരംതിരിക്കുന്നത്. മാലിന്യങ്ങളിൽ നിന്ന് ഏഴ് തരം വിഭാഗമായി വീണ്ടും തരം തിരിക്കണം. പിന്നീട് ബൈലിംഗ് ചെയ്ത് പൊടിച്ച് ചാക്കിലാക്കി സൂക്ഷിക്കും. ഇത്രയും ജോലികൾ ചെയ്യുന്ന ഇവർക്ക് ശരാശരി 800 രൂപ മുതൽ 2,100 രൂപ വരെയാണ് പ്രതിമാസം ലഭിക്കുന്നത്. ഒട്ടും സുരക്ഷിതമല്ലാത്ത ചുറ്റുപാടിൽ നിന്നുകൊണ്ടാണ് മണിക്കൂറുകളോളം ഇവർ പണിയെടുക്കുന്നത്. മാലിന്യങ്ങൾ സംസ്കരിച്ച വകയിൽ കിട്ടാനുള്ള വേതനം അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഓരോ വാർഡുകളിലെയും മുഴുവൻ വീടുകളും ഹരിതസേന പദ്ധതികളിൽ ഉൾപ്പെടുത്തണം. ഇതിനാവശ്യമായ നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകണം.
ദ്രുമ ശിവദാസൻ
സെക്രട്ടറി
ഹരിത കൺസോർഷ്യം
ഓരോ വീടുകളിൽ നിന്ന് ലഭിക്കുന്ന 50 രൂപയും സ്ഥാപനങ്ങളിൽ നിന്ന് കിട്ടുന്ന 100 രൂപയുമാണ് ഹരിത സേന അംഗങ്ങളുടെ വേതനം. പല കുടുംബങ്ങളും സഹകരിക്കാത്ത പ്രശ്‌നവുമുണ്ട്. ഇവർക്ക് കിട്ടേണ്ട വേതനം വാങ്ങികൊടുക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
പി.ടി ജോൺസൺ
പഞ്ചായത്ത് പ്രസിഡന്റ്